Thursday 19 April 2012

മാര്യേജ് സര്‍ട്ടിഫിക്കറ്റുണ്ടോ കൈയ്യില്‍? ഒന്നു ജീവിക്കാന്‍...




മാര്യേജ് സര്‍ട്ടിഫിക്കറ്റുണ്ടോ കൈയ്യില്‍? ഒന്നു ജീവിക്കാന്‍...


ദിവ്യ ദിവാകരന്‍ 


പാശ്ചാത്യസംസ്‌ക്കാരത്തിന്റെ സ്വാധീനം നമ്മുടെ തനതായ സംസ്‌ക്കാരത്തെ നശിപ്പിക്കുന്നുവെന്നും സമീപകാലത്തായി സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ വന്ന മാറ്റങ്ങളെ അതുമായി കൂട്ടിച്ചേര്‍ത്തു വായിക്കുകയും ചെയ്യേണ്ടതുമുണ്ടെന്നുമുള്ള ചില അഭിപ്രായങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിത്തുടങ്ങിയിട്ട് നാളുകളായി. എന്റെ മനസ്സില്‍ ഒരു സംശയം, സ്ത്രീ പുരുഷബന്ധങ്ങളില്‍ എന്താണു സമൂഹം ആഗ്രഹിയ്ക്കുന്നത് ? സ്ത്രീ-പുരുഷ ഇടപെടലുകളില്‍ സമൂഹം എങ്ങനെയെല്ലാമാണു സന്തോഷം കണ്ടെത്തുന്നത്. അല്ലെങ്കില്‍ അതു എങ്ങനെയൊക്കെയായിരിക്കണം എന്ന കാഴ്ച്ചപ്പാടാണ് സമൂഹത്തിലെ പൊതുബോധം മുന്നോട്ടുവെയ്ക്കുന്നത്.

സമൂഹത്തിന്റെ ഒരു ഭാഗമായ കുടുംബത്തില്‍ നിന്നാണ് ആണ്‍- പെണ്‍ ബന്ധങ്ങളും തുടങ്ങുന്നത്. വിവാഹം, ദത്തെടുക്കല്‍, ജന്‍മം കൊണ്ട് (by birth) എന്നീ കാരണങ്ങള്‍ കൊണ്ടാണ് പണ്ടത്തെ കൂട്ടു കുടുംബ വ്യവസ്ഥിതിയില്‍ തന്നെ അംഗങ്ങള്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് ന്യൂക്ലിയര്‍ ഫാമിലി എന്ന കണ്‍സപ്പ്റ്റിലേക്കു നാം നീങ്ങിയപ്പോഴും പഴയ കുടുംബ വ്യവസ്ഥിതിയുമായി താരതമ്യപ്പെടുത്തി, നാം ന്യൂക്ലിയര്‍ ഫാമിലിയുടെ ന്യൂനതകള്‍ കണ്ടെത്തുകയുണ്ടായി. ബന്ധങ്ങളില്‍ ഉണ്ടായിരുന്ന ആഴം നഷ്ടപ്പെട്ടുവെന്നും ചില മൂല്യച്യുതികള്‍ക്കു കാരണമായി എന്നുമൊക്കെ പലതരത്തില്‍ വിവക്ഷിക്കുകയുണ്ടായി. കാര്യം എന്തുതന്നെയുമായിക്കൊള്ളട്ടെ, ശാസ്ത്രസാങ്കേതിക വിദ്യയുടെ വളര്‍ച്ച, സാമ്പത്തികരംഗത്തുണ്ടായ പരിഷ്‌ക്കരണങ്ങള്‍, പുതിയ സാമ്പത്തികനയങ്ങള്‍ (NEP), വിദ്യാഭ്യാസ രംഗത്തുണ്ടായ നൂതനമായ മാറ്റങ്ങള്‍ എന്നിവയെല്ലാം ഒരു പുതിയ ലോകക്രമത്തിനുതന്നെ വഴിതെളിച്ചിട്ടുണ്ടെന്നതു യാഥാര്‍ത്ഥ്യമാണല്ലോ. സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരായി മാറിക്കൊണ്ടിരിക്കുന്ന ഒരു പുരോഗമനപരമായ (Progressive)ഘട്ടത്തിലാണു നാമിന്ന് . അടുക്കളയില്‍ നിന്നും അരങ്ങിലേയും അതിനുമപ്പുറത്ത്, പുരുഷനോളം എല്ലാ തൊഴിലിലും ഇടപെടുന്ന സ്ത്രീ, ഇന്ന് തീരുമാനങ്ങളെടുക്കുന്നതില്‍ ശക്തരാണ്. സ്വന്തം ജീവിതം നിര്‍ണയിക്കുന്നതില്‍ ധീരയാണ്! കുടുംബമെന്ന മതില്‍ കെട്ടില്‍ നിന്നും പുറത്തുചാടുകയും കുടുംബത്തിലെ സ്ത്രീ പുരുഷ വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന എത്രയോ സ്ത്രീകള്‍, അറിഞ്ഞും അറിയപ്പെടാതെയും നമുക്കിടയിലുണ്ട്.

ഞാന്‍ അടുത്തിടെ പരിചയപ്പെട്ട ഒരു കവിയുടെ അഭിപ്രായത്തില്‍ അയാളുടെ കവിതകള്‍ 'വിവാഹം കഴിഞ്ഞ ഒരു പെണ്‍കുട്ടിയെപോലെയാണ്' എന്നുപറയുകയുണ്ടായി. എന്താണന്നു ചോദിച്ചപ്പോള്‍ വിശദീകരിച്ചു തന്നു. അതായത്, വിവാഹം കഴിഞ്ഞശേഷം വീട്ടുകാര്‍ക്ക് പെണ്ണിലുള്ള അവകാശം നഷ്ടപ്പെടുമല്ലോ. പിന്നെയല്ലാം ഭര്‍ത്താവല്ലേ. കവിതയും അതുപോലെ എഴുതിക്കഴിഞ്ഞാല്‍ അയാളുടേതല്ല വായനക്കാരുടേതാണ് എന്ന് ഇതാണ് ഒരു സാധാരണക്കാരന്റെ ബോധം ! ഭൂരിഭാഗത്തിന്റെയും .... ഈ ബോധത്തിനെന്താണു കുഴപ്പം എന്ന് പലരും ചോദിക്കും. അപ്പോള്‍ പെണ്ണിനുമേല്‍ അവള്‍ക്കല്ലതെ മറ്റുള്ളവര്‍ക്ക് അവകാശം വരുന്നത് സാമാന്യബോധം ആയി അംഗീകരിക്കപ്പെടുന്നു. ഈ ബോധത്തിനെതിരായാണ് സ്ത്രീയ്ക്ക് എന്നും പോരാടാനുണ്ടായിരുന്നത്. കാരണം ഈ പൊതുബോധമാണ് സ്ത്രീയെ അടിച്ചമര്‍ത്തുന്നതിനുള്ള ആശയപരമായ മൂലധനം.

ഒരു കുടുംബത്തില്‍ നിന്നും മറ്റൊരു കുടുംബത്തിലേക്ക് സ്ത്രീകള്‍ ഒതുക്കപ്പെടുന്നതിനും കാരണം ഈ ബോധമല്ലേ? ഏതു കുടുംബമാണിന്ന് സ്ത്രീയുടെ അഭിപ്രായം മാനിക്കുന്നത്? അദ്ധ്വാനശേഷിയുള്ള, ഊര്‍ജ്ജസ്വലരായ എത്രയോ പെണ്‍കുട്ടികളാണ് വിവാഹാനന്തരം ഇങ്ങനെ വീടുകളില്‍ ഒതുക്കപ്പെടുന്നത്.. പ്രസവിക്കുന്നതിനും വീട്ടുകാര്യങ്ങള്‍ നോക്കുന്നതിലും മാത്രമായി അവര്‍ ചുരുക്കപ്പെടുന്നത്!!

 
ഭരണഘടനാപരമായി നമുക്ക് പല സ്വാതന്ത്ര്യങ്ങളുണ്ട്, അവയെല്ലാം മറ്റൊരുവന്റെ സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്ന സാമാന്യതത്വത്തിലധിഷ്ഠിതമാണ്. എന്നാല്‍ നമ്മുടെ സാമൂഹ്യ ചുറ്റുപാടില്‍ , സ്ത്രീ സ്വാതന്ത്ര്യം പുരുഷ സ്വാതന്ത്ര്യത്തില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു.

തനിക്കിഷ്ടപ്പെട്ട ഒരാളുമായി സംസാരിക്കുന്നതിനും സഞ്ചരിക്കുന്നതിനും സമൂഹത്തിന്റെ സമ്മതം അവള്‍ക്കാവശ്യമാണ്. അതേസമയം ഈ വിഷയത്തില്‍ ഇപ്പോള്‍ പുരുഷനും സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ആവശ്യം വന്നുചേര്‍ന്നിരിക്കുന്നതായി സമകാലീന സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. പക്ഷെ അതുപോലും സ്ത്രീയുമായി ബന്ധപ്പെട്ട് ഇന്നോളം നിലനിന്നിരുന്ന സദാചാരബോധത്തിന്റെ ഏറ്റവും പുതിയരൂപമാണ് എന്നതാണ് വാസ്തവം.


ഇനി കാര്യത്തിലേയ്ക്ക് വരാം. ആണിനും പെണ്ണിനും തമ്മിലുള്ള ഇടപെടലിനും ബന്ധം ഉണ്ടാക്കുന്നതിനും വിവാഹം നിര്‍ബന്ധം എന്ന പൊതു ബോധത്തില്‍ നിന്നും വ്യത്യസ്തമായി സ്വതന്ത്രചിന്തയുടെ ഭാഗമായി വ്യക്തി എന്ന നിലയില്‍ ആണിനും പെണ്ണിനും തീരുമാനമെടുക്കാന്‍ കഴിയുമ്പോഴാണ് അവര്‍, സാമൂഹിക മൂല്യങ്ങളെ ധിക്കരിക്കുകയും പരസ്പരസമ്മതം മാത്രം കണക്കിലെടുത്ത് യാതൊരു ഉപാധികളുമില്ലാതെ ജീവിക്കുന്നതും ഇതു നമ്മുടെ സദാചാരസമൂഹത്തിനു നേരെ വെല്ലുവിളി ഉയരുന്നതും.


വിവാഹം എന്ന 'established institution'-നു വെല്ലുവിളിയാകുന്ന ഇത്തരം ബന്ധങ്ങളെ 'live in relationship' എന്നോ 'Cohabitation' എന്നോ വിളിയ്ക്കുന്നു. വിവാഹിതരാവാതെ ജീവിക്കുന്ന ഒരു രീതിയാണിത്. സാമൂഹികമായ എതിര്‍പ്പുകള്‍ക്കിടയിലും വിവാഹതുല്യമായ ഈ ജീവിതത്തെ നീതിപീഠവും അംഗീകരിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ സദാചാരപ്രശ്‌നമായി ഈ വിഷയത്തെ അവതരിപ്പിക്കുകയും നോക്കിക്കാണുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. വര്‍ദ്ധിച്ചുവരുന്ന വിവാഹാതീതമായ ആണ്‍-പെണ്‍ ജീവിതത്തെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമായി കാണാന്‍ ഭൂരിഭാഗത്തിനും കഴിയാത്തത്, ഇന്ന് സമൂഹത്തില്‍ അടിയുറച്ചു നില്‍ക്കുന്ന മതബോധത്തിന്റേയും കപട സദാചാരത്തിന്റേയും വക്താക്കളായി കഴിയാനാണ് ജനങ്ങള്‍ക്കു കൂടുതല്‍ താല്‍പര്യം എന്നതുകൊണ്ട് തന്നെയാണ്.


മറ്റൊരുകാര്യം വിവാഹമെന്നത് സ്ത്രീയ്ക്ക് നിയമപരമായി സുരക്ഷനല്‍കുന്നുവെന്നും അതിലൂടെ സന്താനങ്ങള്‍ക്ക് പിതൃത്വം ലഭിക്കുന്നുവെന്നും സമൂഹത്തില്‍ മറ്റെല്ലാ നിയമപരമായ അവകാശങ്ങളും നേട്ടങ്ങളും നേടിയെടുക്കാനാവുമെന്നും അതിനു നിയമപരമായി വിവാഹം അത്യാവശ്യമാണെന്നതാണ് നിലവിലെ പൊതുധാരണ. എന്നാല്‍ എന്തിനാണ് സ്വയം പര്യാപ്തമാകേണ്ട ഒരു സ്ത്രീ ( പുരുഷനേപോലെ) അവന്‍ ഉപേക്ഷിച്ചാല്‍ ജീവനാംശം തേടേണ്ടത് ? സ്വന്തമായി നിലനില്‍ക്കാന്‍ കഴിവുള്ള സ്ത്രീയ്ക്ക് നിയമവും ജീവനാംശപരിരക്ഷ നല്‍കുന്നില്ല, അവള്‍ക്കു അതിനു കഴിവില്ലെങ്കില്‍ മാത്രമേ Section 125 CrPC ഉപയോഗിക്കാനാവൂ എന്നതു നിയമം.


വിവാഹപൂര്‍വ്വ ലൈംഗികതയെകുറിച്ച് തമിഴ് നടി ഖുശ്ബുവിന്റെ വിവാദമായ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ കോടതി ഇടപെടലുകളില്‍ അന്നത്തെ വിധികര്‍ത്താക്കളായ ജസ്റ്റിസ്. കെ.ജി ബാലകൃഷ്ണന്‍, ജസ്റ്റിസ് ദീപക് വര്‍മ്മ, ജസ്റ്റിസ് ബി.എസ് ചൗഹാന്‍ എന്നിവരുടെ നിരീക്ഷണത്തില്‍ ഉയര്‍ന്ന ചോദ്യം ഇങ്ങനെയായിരുന്നു. 'രണ്ടുപേര്‍ ഒരുമിച്ചു ജീവിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ എന്താണതിലുള്ള കുറ്റം?' വിവാഹപൂര്‍വ്വ ലൈംഗികതയേയോ വിവാഹം കഴിക്കാതെയുള്ള ഭാര്യാഭര്‍തൃബന്ധത്തെയോ ഒരു നിയമവും എതിര്‍ക്കുന്നില്ല. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നതിനെ ആരും തന്നെ തടസ്സപ്പെടുത്തിയാലും അതു അയാളുടെ/അവളുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതായിരിക്കുമെന്നു നമുക്ക് മനസ്സിലാക്കാം. കാരണം live- in- together എന്നത് ഇന്ത്യന്‍ ഭരണഘടനയിലെ 21-ാം അനുച്ഛേദത്തില്‍ (ജീവിക്കാനുള്ള അവകാശം) ഉള്‍പ്പെട്ടിരിക്കുന്നു എന്നാണ് പരമോന്നത നീതി പീഠവും പ്രസ്താവിച്ചത്. ( S. Khusboo v. Kanniammal & Anr. 2010 (4) SCALE 462).

പലരാജ്യങ്ങളിലും വിവാഹമെന്ന സ്ഥാപനമില്ലാതെ തന്നെ സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചു താമസിക്കുന്നുണ്ട്. സ്‌കോട്ട്‌ലന്റിനെ സംബന്ധിച്ചിടത്തോളം ഫാമിലി ലോ (സ്‌കോട്ട്‌ലാന്റ്) ആക്റ്റ്, 2006 നിയമപരമാക്കിയിട്ടുള്ളതാണ് കൊഹാബിറ്റേഷന്‍ എന്ന ആശയത്തെ. കരാറിന്‍മേല്‍ രണ്ടുപേര്‍ ദാമ്പത്യജീവിതം സ്ഥായിയായും തുടര്‍ച്ചയായും മുന്നോട്ട് കൊണ്ടുപോവുന്നുവെങ്കില്‍ അത്തരം ബന്ധം ലിവ്-ഇന്‍-റിലേഷന്‍ഷിപ്പ് ആയി കരുതാമെന്ന് ഫ്രാന്‍സിലെ ഫ്രഞ്ച് നാഷണല്‍ അസംബ്ലി 1999-ല്‍ പാസാക്കിയ Civil Solidarity Pact or PaCS അനുശാസിക്കുന്നു. ബ്രിട്ടണില്‍ Civil Partnership Act, 2004-ന്റെ പരിധിയിലാണു വിവാഹാതീത ദാമ്പത്യത്തെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതിന്‍പ്രകാരം ദമ്പതികള്‍ക്ക് പരസ്പരം സ്വത്തിന്‍മേല്‍ യാതൊരു അവകാശവും ഉന്നയിക്കാനാവില്ല. മാത്രമല്ല നികുതി സംബന്ധമായ വിഷയങ്ങളില്‍ ഓരോരോ വ്യക്തികളായി ആണ് കണക്കാക്കുന്നതുപോലും. ഇങ്ങനെയുള്ള ദമ്പതിമാരില്‍ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ സ്വത്തില്‍ സ്വാഭാവികമായും യാതൊരവകാശവും സ്വതസിദ്ധമായി മറ്റേയാള്‍ക്കു ലഭിക്കാനുള്ള വ്യവസ്ഥയില്ല. ഇതൊക്കെയും ബ്രിട്ടണില്‍ 2011-ല്‍ ആഭ്യന്തരവകുപ്പു തയ്യാറാക്കിയ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ വിവക്ഷിക്കാവുന്നതാണ്. കാനഡയിലും നിയമപരിരക്ഷയുണ്ട് എന്നത് വളരെ പുരോഗമനപരമായി കാണാവുന്നതാണ്. രേഖകളുടെയൊന്നും അടിസ്ഥാനമില്ലെങ്കില്‍ പോലും ഒന്നിച്ചു ജീവിക്കുന്ന ദമ്പതിമാര്‍ക്കു മറ്റുള്ളവരെ പോലെ തന്നെ എല്ലാ അവകാശങ്ങളും അനുഭവിക്കാവുന്നതാണ്. അയര്‍ലണ്ടിലാണെങ്കില്‍ വിവാഹിതരല്ലാതെ 3 വര്‍ഷത്തോളം തുടര്‍ച്ചയായി ഒരുമിച്ചു ജീവിക്കുന്നതുമോ (കുട്ടിയുണ്ടെങ്കില്‍ 2 വര്‍ഷത്തോളമോ) ആയ ദമ്പതികളില്‍ നിരാലംബരും സാമ്പത്തികമായി പങ്കാളിയെ ആശ്രയിച്ചു കഴിയുന്നവരാണെങ്കില്‍ നിയമപരവും സാമ്പത്തികപരവുമായ സംരക്ഷണം നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടു ഒരു നിയമം തന്നെ രൂപീകരിക്കാനുള്ള നടപടികളിലാണ്. ആസ്‌ട്രേലിയയിലെ കുടുംബനിയമപ്രകാരം മറ്റൊരാളെ വിവാഹം കഴിച്ചവര്‍ക്കുപോലും മറ്റൊരു വ്യക്തിയുമായി ബന്ധത്തിലേര്‍പ്പെടാവുന്നതാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പറഞ്ഞ രാജ്യങ്ങളിലേതുപോലെ അത്ര വിശാലമായ ഒരു മനോഭാവവും എഴുതപ്പെട്ട നിയമങ്ങളുടെ ഭാഗത്തുനിന്നും വന്നിട്ടില്ല.


ഒരു ന്യായമായ കാലം ഒരാളോടൊപ്പം വിവാഹം കഴിക്കാതെ ജീവിക്കുന്ന സ്ത്രീക്കു ഒരു ഭാര്യയുടേതായ എല്ലാ അവകാശങ്ങളും ഉള്‍ക്കൊള്ളുന്ന പദവി നല്‍കണമെന്ന ഒരു പ്രമേയം 2008 ല്‍ മഹാരാഷ്ട്രയില്‍ അംഗീകരിക്കപ്പെടുകയുണ്ടായി. ദേശീയ വനിതാകമ്മീഷനും 2008 ല്‍ ഇതേ കാര്യത്തിനായി ശിശുമന്ത്രാലയത്തോടും സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായി. ഇതേ തുടര്‍ന്നു സുപ്രീംകോടതി നിയമിക്കപ്പെട്ട ജസ്റ്റിസ് മലിമത്ത് കമ്മിറ്റിയുടെ നിരീക്ഷണവും ശ്രദ്ധേയമാണ്. അതു ഇങ്ങനെയാണ്, 'if a man and woman are living together as husband and wife for a reasonable long period, the man shall be deemed to have married the woman'.ക്രിമിനല്‍ .നടപടി നിയമത്തില്‍ നിര്‍വ്വചിച്ചിട്ടുള്ള wife എന്ന പദത്തിന് വിവാഹം കഴിച്ചിട്ടില്ലെങ്കിലും പുരുഷനോടൊപ്പം ജീവിക്കുന്ന സ്ത്രീയെയും ഉള്‍പ്പെടുത്തുന്ന രീതിയില്‍ ക്രിമിനല്‍ നടപടി നിയമത്തിനു  ഭേദഗതിയും ഈ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.
Abhijit Bhikaseth Auti Vs. State of Maharashtra and Others (CRL WP No. 2218 of 2007) എന്ന കേസിലെ നിരീക്ഷണം live-in - relationship ന്റെ സാധ്യത വ്യക്തമാക്കുന്നതാണ്. CrPC ലെ Section 125 പ്രകാരം ജീവനാംശം തേടാന്‍ live-in - relationship ലെ സ്ത്രീക്കും അര്‍ഹതയുണ്ടെന്നും അതിന് നിയമപരമായി വിവാഹത്തിന്റെ ആവശ്യകതയിലെന്നുമാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.

പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിയും ഉഭയകക്ഷിസമ്മതപ്രകാരം വിവാഹമെന്ന സ്ഥാപനത്തിന്റെ ആവശ്യമില്ലാതെ ഒന്നിച്ചു ജീവിക്കാമെന്നു വ്യക്തമാക്കിയിരിക്കുകയാണ് അലഹബാദ് ഹൈക്കോടതിയും എന്നതിന് Payal Katara Vs. Superintendent Nasi Niketan Kandri vihar Agra and others (AIR 2002 ALH section) എന്ന കേസിന്റെ വിധി നമുക്ക് മുന്നിലുണ്ട്.


ഇങ്ങനെയുള്ള ബന്ധത്തില്‍ ജനിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ 'illegitimate child' ആയി കാണപ്പെടാന്‍ പാടില്ലെന്നും പിതാവിന്റെ സ്വന്തം വസ്തുവില്‍ അതായത് അയാളുടെ സ്വപ്രയത്‌നം കൊണ്ടു ലഭിച്ച സ്വത്തില്‍ ഈ കുട്ടികള്‍ക്കും അവകാശം ഉറപ്പിക്കാനാവുമെന്നതും കോടതികള്‍ അംഗീകരിച്ചിട്ടുള്ളതാണ്. സുപ്രീംകോടതിയുടെ മറ്റൊരു വിധിപ്രകാരം നേരത്തെ വിവാഹിതരായവര്‍ക്ക് മറ്റൊരു വ്യക്തിയുമായി ലിവ്-ഇന്‍- റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടാന്‍ സാധ്യമല്ല. തന്മൂലം polygamy, polyandry എന്നിവയും ചോദ്യം ചെയ്യപ്പെടുന്നില്ല. Bharatha matha & Anr Vs. R. Vijaya Renganathan & Anr 2010 STPL (Web) 406 SC എന്ന വിധിയില്‍ ഇത് വ്യക്തമാണ്.

വിവാഹവിധേയമല്ലാത്ത ഈ ആണ്‍-പെണ്‍ ബന്ധം ഹിന്ദു വിവാഹനിയമത്തിന്റെ പരിധിയിലോ ക്രിമിനല്‍ പ്രൊസീഡര്‍ കോഡിന്റെ പരിധിയിലോ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ഗാര്‍ഹികപീഢനം നിയമത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. (Protection of Woman from Domestic Violence Act, 2005).

എന്നാല്‍ സദാചാരത്തിന്റെ പ്രഥമപ്രശ്‌നമായി സമൂഹം ആഘോഷിക്കുന്ന സ്ത്രീ-പുരുഷ ലൈംഗികത (സ്ത്രീ-പുരുഷ ലൈംഗികത എന്നുപയോഗിക്കുമ്പോഴും Homosexuals, lesbians എന്നവരുടെ പ്രശ്‌നങ്ങളുള്‍പ്പെടെ) കോടതിവിധികളിലൂടെ ഒരു വ്യക്തിയുടെ സ്വകാര്യവിഷയം മാത്രമാണ്. സ്വകാര്യമായ അവകാശവുമാണ്.


ഭരണഘടനയുടെ 21-ാം വകുപ്പില്‍ സ്വകാര്യതയ്ക്കുള്ള അവകാശം ഉള്‍ക്കൊള്ളുമെന്നും അതു വിനിയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതു ജീവിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശത്തെ തന്നെയാണ് ഇല്ലായ്മ ചെയ്യുന്നതെന്നും നിരവധിയായ കോടതി വിധികളില്‍ പലപ്പോഴും ഉറപ്പുവരുത്തപ്പെട്ടവയാണ്.... എന്നാല്‍ മനുഷ്യന്റെ സ്വകാര്യജീവിതത്തില്‍ ഇടപെടുകയും ആണ്‍-പെണ്‍ ബന്ധങ്ങളില്‍ നിയന്ത്രണം വെക്കേണ്ടത് സമൂഹത്തിന്റെ 'നല്ല പോക്കിന'് അത്യാവശ്യമാണെന്നും അതിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ഏതൊരു ജീവിതത്തെയും ചോദ്യം ചെയ്യാനും വേണമെങ്കില്‍ രണ്ടു പൊട്ടിച്ചെങ്കിലും നേരെയാക്കാനും ഉള്ള കുത്തകാവകാശവും പേറി നടക്കുകയും ചെയ്യുന്ന സദാചാരപ്രമാണിമാരുടെ ബോധത്തിനെതിരെ, സ്വകാര്യതയ്ക്കുള്ള അവകാശത്തിനോ സ്വാതന്ത്ര്യത്തിനോ ഒന്നും തന്നെ നമ്മുടെ ഈ സമൂഹത്തില്‍ നിലനില്‍പ്പില്ല. വ്യക്തിസ്വാതന്ത്ര്യങ്ങളിലേക്കു
ള്ള ഇത്തരം കടന്നുകയറ്റം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തന്നെയാവുമ്പോള്‍ നമ്മുടെ കോടതികളിലൂടെ അംഗീകരിച്ചു കിട്ടിയ സ്വകാര്യതയ്ക്കുള്ള അവകാശത്തിനു എന്തു പ്രസക്തിയാണുള്ളത്?

നിയമങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ സദാചാരവാദികള്‍ക്ക് അംഗീകരിക്കാനാവാത്തതാണ് ഇത്തരം ബന്ധങ്ങള്‍. തീര്‍ച്ചയായും നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ്, Live in relationship എന്ന പുത്തന്‍ ആശയം. എന്നാല്‍ പൂര്‍ണ്ണമായും മനസ്സിലാക്കിക്കൊണ്ട് രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും വിവാഹം എന്ന Established Institution ന്റെ ആവശ്യകത അനിവാര്യമല്ല എന്നും കരുതുന്ന ഏതൊരാള്‍ക്കും ഇത്തരം ബന്ധങ്ങള്‍ അഭികാമ്യമാണ്. അങ്ങനെ രണ്ടുപേര്‍ തമ്മിലുള്ള ഉടമ്പടി പ്രകാരമുള്ള ജീവിതത്തില്‍ സമൂഹത്തിലെ പൊതുബോധം ഇടപെടേണ്ട കാര്യമേയില്ല. പ്രായപൂര്‍ത്തിയായ ഏതൊരു സ്ത്രീക്കും പുരുഷനും ഉഭയകക്ഷിസമ്മത പ്രകാരം ഒരുമിച്ചു ജീവിക്കാം. നിയമപരമായി പറയുമ്പോള്‍ മറ്റൊരാളുടെ അവകാശത്തെ ഹനിക്കാത്തവിധം ആണെങ്കില്‍ നിയമാനുസൃതമായ എല്ലാ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും അവര്‍ അര്‍ഹരുമാണ്. തീരുമാനമെടുക്കാനുള്ള ആശ്രയത്വവും അതിലെ നിയമപ്രശ്‌നവുമൊക്കെ കടന്നുവരുന്നതു ഈ സമ്മതത്തിലെ സ്വാതന്ത്ര്യത്തിലാണ്. Free consent മുഖേനയുള്ള ആണ്‍പെണ്‍ ബന്ധങ്ങളില്‍, കാലങ്ങളായി ആഴ്ന്നിറങ്ങിയിരിക്കുന്ന സമൂഹത്തിന്റെ സദാചാര ബോധം ഇടപെടുന്നത് ആ വ്യക്തികളുടെ അവകാശങ്ങള്‍ക്ക് മേലാണ്. വ്യക്തമായ അവകാശ ലംഘനമാണിത്. ഒരു ജനാധിപത്യ സമൂഹത്തില്‍ കൂടുതല്‍ വ്യക്തി ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും പ്രസക്തിയേറുമ്പോള്‍, കാലങ്ങളായി അടിയുറച്ച പോതുസമൂഹതിലെ സ്ത്രീ വിരുദ്ധ കാഴ്ചപ്പാടുകളും ഇനിയെങ്കിലും അതനുസരിച്ച് മാറേണ്ടതല്ലേ??

സ്ത്രീ സഞ്ചരിക്കുന്നതിന് പുരുഷ സമ്മതം എന്തിന്?



 സ്ത്രീ സഞ്ചരിക്കുന്നതിന് പുരുഷ സമ്മതം എന്തിന്?
 ദിവ്യ ദിവാകരന്‍


നമ്മള്‍ ഇന്ന് ആധുനിക യുഗത്തിലാണ് ജീവിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ കടന്നുവരവ് ജീവിതത്തിന്റെ സമസ്തമേഖലകളിലും മാറ്റങ്ങള്‍ വരുത്തി. ഇത് തൊഴിലിന്റെ വൈവിധ്യമാര്‍ന്ന സാധ്യതകള്‍ നമുക്കു മുന്നിലുണ്ടാക്കിക്കൊണ്ട് സ്ത്രീ പുരുഷ ഭേദമന്ന്യേ പൊതുസമൂഹത്തിലിടപെടാനും ഭാഗവാക്കാവാനുമുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായും സാമൂഹികമായും ഉള്ള വളര്‍ച്ചയ്ക്ക് പ്രകടമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഒറ്റപ്പെട്ട, വേറിട്ട ചിന്തകളും സ്വരങ്ങളും ഉയര്‍ത്തിക്കൊണ്ട് പെണ്‍ ശബ്ദങ്ങള്‍ കൂടുതല്‍ കേള്‍ക്കാമെന്നായി. സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്ന ചിലരെ സംബന്ധിച്ചിടത്തോളം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും കുറഞ്ഞ അളവിലെങ്കിലും അനുഭവിക്കാമെന്നായി. എങ്കില്‍പോലും സാമൂഹികമായ മതില്‍ കെട്ടുകള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ഈ സാമ്പത്തിക സ്വാതന്ത്ര്യം സഞ്ചാര സ്വാതന്ത്ര്യത്തിന്റെ കൂടി ഭാഗമായതിനാല്‍ ജോലിയുടെ ആവശ്യമായി മാത്രമെങ്കിലും അവര്‍ക്ക് രാത്രി കൂടി പുറത്തിറങ്ങാനുള്ള അനുമതി ലഭിക്കപ്പെട്ടു. അത്രമാത്രം വിശാലമനസ്‌കരല്ലാത്ത സ്തീകളാണെങ്കിലോ അങ്ങനെയുള്ള ജോലി വേണ്ടെന്ന കുടുംബത്തിലെ പുരുഷ ശബ്ദത്തെ മാനിച്ചു. പകല്‍മാത്രം ജോലി ചെയ്ത് രാത്രിയാവും മുമ്പേ വീട്ടിലെത്തി വീട്ടു ജോലിയും ചെയ്തു കഴിയണമെന്ന കുടുംബത്തിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ കേടുവരാതെ കുടുംബ ഭദ്രത ഉറപ്പിച്ച് മറ്റുചില സ്ത്രീകള്‍ ജീവിക്കുന്നു. അപ്പോള്‍ ഈ സ്ത്രീ സഞ്ചാരത്തിന്റെ പരിധിയെന്നത് നിലവില്‍ അവളുടെ ജോലിയുടെ സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തി പൊതു സമൂഹം പരിമിതപ്പെടുത്തി.

എന്നാല്‍ പോലും ഈ പൊതു സമൂഹത്തിന്റെ 'സംരക്ഷിത വലയ' ത്തിനുള്ളില്‍  ആണ് സ്ത്രീയുടെ ജീവിതം. അവള്‍  ആരോടൊക്കെ ചങ്ങാത്തം  കൂടുന്നു? , എവിടെയൊക്കെ പോകുന്നു? എന്തിനാണ് പോകുന്നത് ? എപ്പോഴാണ് തിരികെ വരുന്നത്? എന്നിങ്ങനെ ചോദ്യങ്ങള്‍ നീണ്ടുനീണ്ടു പോകുന്നു. വിവാഹം കഴിഞ്ഞാലോ പിന്നെ സൗഹൃദങ്ങള്‍ ചുരുക്കിക്കൊള്ളണം. പിന്നീട് ഭര്‍ത്താവുണ്ട്, സംരക്ഷിക്കുവാനും എല്ലാ അവശ്യങ്ങളും നിറവേറ്റിത്തരാനും. ഇങ്ങനെ അടിമപ്പെടലിന്റേയും അനുസരണപ്പെടലിന്റെയും ലോകമാണ് സ്ത്രീയ്ക്കു മുന്നില്‍ പൊതു സമൂഹം നിര്‍മ്മിച്ചു വെച്ചിരിക്കുന്നത്.


ഒരു ജനാധിപത്യ സമൂഹത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണ് എന്നാണല്ലോ വെയ്പ്പ്. എന്നാല്‍ ഏതുകാര്യത്തിലാണ് ഇവിടെ സ്ത്രീ പുരുഷനോളം തുല്യത അനുഭവിക്കുന്നത്? താന്‍ ആഗ്രഹിക്കുന്നിടത്ത് ഒന്ന് പോകണമെങ്കില്‍ അവള്‍ ആരുടെയെല്ലാം അനുവാദം വാങ്ങേണ്ടിവരുന്നു. ഇങ്ങനെ പറയുമ്പോള്‍ സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണെന്നും നമ്മുടെ സമൂഹത്തില്‍ സ്ത്രീ സുരക്ഷിതയല്ലാ എന്നുമുള്ള പല അഭിപ്രായങ്ങളും മനസിലേയ്ക്ക് കടന്നുവരുന്നുണ്ട്. സമൂഹത്തില്‍ സുരക്ഷിതയല്ലാത്തതിനാലാണത്രേ ഇത്രയും വിലക്കുകള്‍. ദുര്‍ബ്ബലയാണ്, സ്വയം സംരക്ഷിക്കാന്‍ അവള്‍ക്ക് കഴിയില്ല, അതിനാല്‍ പുരുഷവാക്യം കേട്ട് ജീവിച്ചുകൊള്ളണം. ഏതു സമയത്തും ആക്രമിക്കപ്പെടാവുന്ന ഒന്നാണ് സ്ത്രീ ശരീരം. നഷ്ടപ്പെടാന്‍ എന്തൊക്കെയോ ഉണ്ട്, അടങ്ങിയും ഒതുങ്ങിയും ജീവിച്ചുകൊള്ളണം. ഇതൊക്കെയാണ് ബാല പാഠങ്ങള്‍. സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട എന്ന ചൊല്ലുതന്നെ ആര്‍ക്കുവേണ്ടിയാണ് പറയുന്നത്? ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലയ്ക്കാണത്രേ കേട്.


'തനിച്ച്' എന്ന അവസ്ഥ സ്ത്രീയ്ക്ക് പാടില്ല. അതാണ് സാമൂഹിക നിലപാട്. തനിച്ചായാല്‍ അതിനെന്തോ കാരണമുണ്ടാകും, അത് 'അവളുടെ എന്തോ കുഴപ്പം' എന്ന കാരണവും. കാരണം തേടി പോകുന്നവരേ, നിങ്ങള്‍ അവസരം തേടി പോവുകയാണോ?

തനിക്ക് തോന്നിയതുപോലെ ജീവിക്കാന്‍ എന്ന് സ്ത്രീയ്ക്ക് കഴിയുന്നുവോ അന്നായിരിക്കും സ്ത്രീയുടെ വിമോചനം. ഈ തരത്തിലുള്ള വിമോചനത്തിന്റ ആദ്യ പടിയാണ് പെണ്ണിന്റെ സഞ്ചാര സ്വാതന്ത്ര്യം. ഇൗ സഞ്ചാരമെന്നതില്‍ തന്നെ തനിച്ചോ കൂട്ടമായോ, എങ്ങനെയും എവിടേയ്ക്കും എത്തിപ്പെടാനും അതുതന്നെ പകലെന്നപോലെ രാത്രിയിലും സ്ത്രീകള്‍ നിരത്തുകളില്‍ സജീവമാകുന്ന അവസ്ഥയും ഉള്‍പ്പെടുന്നു. എന്താണ് ഉണ്ടാകുന്നത്, ഒരു സ്ത്രീ രാത്രി സഞ്ചാരം നടത്തിയാല്‍ എന്നതിന് ഇപ്പോഴത്തെ സമൂഹത്തിന് തസ്‌നി ബാനു തന്നെയാണ് ഉത്തരം.

സ്ത്രീയുടെ രണ്ടാം സ്വാതന്ത്ര്യസമരം, അത് സഞ്ചാരത്തിനുവേണ്ടിയുള്ളതാണ്.

Thursday 2 February 2012

സ്വയം നഷ്ടപ്പെട്ടവന്റെ ആത്മബോധവും ആത്മാഭിമാനവുമാണ് മതം


കാറല്‍ മാര്‍ക്‌സ്

['ഹെഗലിയന്‍ നിയമദര്‍ശന വിമര്‍ശനത്തിന് ഒരു സംഭാവന' (Contribution to the Critique of Hegel's Philosophy of Law)  എന്ന കൃതിയുടെ ആമുഖത്തില്‍ നിന്നുള്ള ഭാഗം]

ജര്‍മ്മനിയെ
സംബന്ധിച്ചിടത്തോളം മത വിമര്‍ശനം (criticism of religion) അനിവാര്യമായും പരിപൂര്‍ണ്ണമായിരിക്കുന്നുവെന്നുമാത്രമല്ല മറ്റെല്ലാ വിമര്‍ശനത്തിന്റെയും മുന്നുപാധികൂടി ആയാണ് അതിനെ ഗണിക്കുന്നത്.

ദൈവത്തിനും രാജ്യത്തിനും വേണ്ടിയുള്ള പ്രഭാഷണങ്ങള്‍ നിരാകരിക്കപ്പെട്ടതോടെ തെറ്റ് പ്രാപഞ്ചികമാണെന്ന വാദത്തിന് ഇടിവ് സംഭവിച്ചു. സ്വര്‍ഗ്ഗമെന്ന അത്ഭുത യാഥാര്‍ത്ഥ്യത്തില്‍ ഒരു അമാനുഷിക ശക്തിയെ അന്വേഷിച്ചിറങ്ങിയ മനുഷ്യന് വാസ്തവത്തില്‍ സ്വന്തം പ്രതിഛായയെയല്ലാതെ മറ്റൊന്നും കാണാനായില്ല. അങ്ങനെയുള്ള മനുഷ്യന്‍ സ്വന്തം യാഥാര്‍ത്ഥ്യത്തെ എവിടെയാണോ അന്വേഷിക്കുന്നത് അഥവാ എവിടെയാണോ തിരയേണ്ടത് അവിടെയെല്ലാം ഇത്തരത്തില്‍ കേവലം സ്വന്തം സത്തയെ, കേവലം അമാനുഷികതയെ (unmensch) തുടര്‍ന്നും ദര്‍ശിക്കാന്‍ ആഗ്രഹിക്കില്ല.

മതവിരുദ്ധ വിമര്‍ശനത്തിന്റെ അടിസ്ഥാനം ഇതാണ്: മനുഷ്യന്‍ മതത്തെ സൃഷ്ടിക്കുന്നു. അല്ലാതെ മതമല്ല മനുഷ്യനെ സൃഷ്ടിക്കുന്നത്. ഇനിയും സ്വയം തിരിച്ചറിഞ്ഞിട്ടില്ലാത്തവന്റെ, സ്വയം നഷ്ടപ്പെട്ടവന്റെ ആത്മബോധവും ആത്മാഭിമാനവുമാണ് മതം. ബാഹ്യലോകത്താല്‍ വലയം ചെയ്യപ്പെട്ടിട്ടുളള ഒരമൂര്‍ത്ത അസ്തിത്വമല്ല മനുഷ്യന്‍. മനുഷ്യന്‍ എന്നത് മനുഷ്യ ലോകമാണ്-- അവസ്ഥയാണ്, സമൂഹമാണ്. ഈ അവസ്ഥയാണ്, ഈ സമൂഹമാണ് തലകീഴായ ലോകബോധത്തെ, മതത്തെ ഉല്‍പ്പാദിപ്പിക്കുന്നത്. 
കാരണം, അവ തലകീഴായ ലോകം തന്നെയാണ്. അത്തരമൊരു ലോകത്തിന്റെ പൊതു സിദ്ധാന്തമാണ്, വൈജ്ഞാനിക സംഗ്രഹമാണ്, ജനകീയരൂപത്തിലുള്ള യുക്തിയാണ്, ആത്മീയമായ ഇടപെടലാണ്, ഉത്സാഹമാണ്, ധാര്‍മ്മികാംഗീകാരമാണ്, ഭക്തിപുരസരമുള്ള സ്തുതിയാണ്, സാന്ത്വനത്തിന്റെയും ന്യായത്തിന്റെയും പ്രാപഞ്ചികാടിത്തറയാണ് മതം. മനുഷ്യ സത്തയുടെ അതിഗംഭീരമായ  സാക്ഷാത്കാരമാണത്. എന്തെന്നാല്‍ മനുഷ്യ സത്തയ്ക്കുതന്നെ ശരിയായൊരു ഉണ്മയില്ല. ആയതിനാല്‍ മതത്തിനെതിരായ പോരാട്ടം മതത്തെ ഒരു ആത്മീയ സുഗന്ധമായി സ്വീകരിച്ചിട്ടുള്ള ഈ ലോകത്തിനെതിരായ പോരാട്ടം കൂടിയാണ്.
 മതപരമായ വ്യഥ ഒരേസമയം തന്നെ യഥാര്‍ത്ഥ വ്യഥയുടെ ഒരു പ്രകടിത രൂപവും ഈ യഥാര്‍ത്ഥ വ്യഥയ്‌ക്കെതിരായ ഒരു പ്രതിഷേധവുമാണ്. മതം അടിച്ചമര്‍ത്തപ്പെട്ടവന്റെ നിശ്വാസവും ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയവും ആത്മരഹിത സാഹചര്യങ്ങളുടെ ആത്മാവുമാണ്. അത് മനുഷ്യനെ മയക്കുന്ന കറുപ്പാണ്.

ജനങ്ങളുടെ മിഥ്യാനന്ദമായ മതത്തെ ഇല്ലായ്മ ചെയ്യണമെന്ന് പറയുന്നതിനര്‍ത്ഥം അവരുടെ യഥാര്‍ത്ഥ ആനന്ദത്തിനുവേണ്ടി ആവശ്യമുയര്‍ത്തുക എന്നാണ്. സ്വന്തം സാഹചര്യത്തെ കുറിച്ചുള്ള മിഥ്യാ സങ്കല്‍പ്പങ്ങള്‍ കൈയ്യൊഴിയണമെന്ന അവരോടുള്ള ആഹ്വാനം വാസ്തവത്തില്‍ ഈ മിഥ്യാ സങ്കല്‍പ്പങ്ങള്‍ ആവശ്യമായുള്ള സാഹചര്യത്തെത്തന്നെ കൈയ്യൊഴിയാനുള്ള ആഹ്വാനമാണ്. അതിനാല്‍ മതവിമര്‍ശനമെന്നത് മതത്തെ ഒരു പരിവേഷമായണിഞ്ഞിട്ടുള്ള ഈ കണ്ണീര്‍ താഴ്‌വരയ്‌ക്കെതിരായ (vale of tears) വിമര്‍ശനത്തിന്റെ ഭ്രൂണാവസ്ഥ തന്നെയാണ്.

ചില്ലയിലെ സാങ്കല്‍പ്പികമായ പൂവുകളെ വിമര്‍ശനം പിച്ചിചീന്തുന്നത് ഭംഗിയും സുഗന്ധവുമില്ലാത്ത പൂക്കള്‍ മനുഷ്യന്‍ ചൂടാതിരിക്കാനാണ്. കൂടാതെ ജീവസുറ്റ പൂക്കള്‍ അവന് പറിക്കാന്‍ കൂടിയാണ്. മതവിമര്‍ശനം മനുഷ്യനെ മിഥ്യാ സങ്കല്‍പ്പങ്ങളില്‍ നിന്നും മോചിപ്പിച്ച് അവനെ ചിന്തിക്കാനും പ്രവര്‍ത്തിക്കനും പ്രാപ്തനാക്കുന്നു. മിഥ്യാ സങ്കല്‍പ്പങ്ങളില്‍ മിന്നും മുക്തനായവന്റെതുപോലെ അവന്റെ യാഥാര്‍ത്ഥ്യങ്ങളെയും മാറ്റിത്തീര്‍ക്കുന്നു. അവനെ യുക്തിയിലേയ്ക്ക് ആനയിച്ച് അവനാകുന്ന യഥാര്‍ത്ഥ സൂര്യനെ ചുറ്റിത്തിരിയാന്‍ അവനെ പ്രാപ്തനാക്കുന്നു. കാരണം മതം കേവലം മിഥ്യയായ സൂര്യനാണ്. മനുഷ്യന്‍ അവനു ചുറ്റും സ്വയം പരിക്രമണം ചെയ്യാത്തിടത്തോളം ഈ മിഥ്യസൂര്യന്‍ അവനെ പ്രരിക്രമണം ചെയ്യുന്നു.

അതുകൊണ്ട് സത്യത്തിനു പുറത്തുള്ള ലോകം ഒരിക്കല്‍ അപ്രത്യക്ഷപ്പെട്ടാല്‍ പിന്നെ ചരിത്രത്തിന്റെ ദൗത്യം ഈ ലോകത്തിന്റെ സത്യത്തെ പുനസ്ഥാപിക്കുക എന്നതാണ്. ഒരിക്കല്‍ മനുഷ്യന്റെ ആത്മവിദ്വേഷത്തിന്റെ വിശുദ്ധരൂപത്തിന്റെ മുഖംമൂടിയഴിഞ്ഞു വീണാല്‍, ചരിത്രത്തെ സഹായിച്ചുകൊണ്ടിരിക്കുന്ന തത്വശാസ്ത്രത്തിന്റെ അടിയന്തര ദൗത്യം ആ ആത്മവിദ്വേഷത്തെ അതിന്റെ വിശുദ്ധപരിവേഷമില്ലാതെ തന്നെ തുറന്നുകാട്ടുക എന്നതാണ്. അങ്ങനെ സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള വിമര്‍ശനം ഭൂമിയെക്കുറിച്ചുള്ള വിമര്‍ശനമായി പരിണമിക്കുന്നു. മതത്തെ കുറിച്ചുള്ള വിമര്‍ശനം നിയമത്തെക്കുറിച്ചുള്ള വിമര്‍ശനമായി പരിണമിക്കുന്നു. ദൈവവിജ്ഞാനീയത്തെ (theology) കുറിച്ചുള്ള വിമര്‍ശനം രാഷ്ട്രീയ വിമര്‍ശനമായി പരിണമിക്കുന്നു.



കുറിപ്പ്: ഈ മൊഴിമാറ്റം ഞങ്ങള്‍ (ഞാനും ഷഫീക്കും വിജിലാലനും) സ്വതന്ത്രമായി നടത്തിയതാണ്. അതും വളരെ തിടുക്കത്തില്‍. അക്കാരണത്താല്‍ത്തന്നെ ഭാഷാപരമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ വന്നേക്കാം. എന്നിരുന്നാലും ലേഖനത്തിന്റെ മൊത്തം സ്പിരിറ്റു ചോര്‍ന്നുപോകാതിരിക്കാന്‍ പരമാവധി ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. മറ്റൊരുകാര്യം ഇതിന് ഞങ്ങള്‍ 'സ്വയം നഷ്ടപ്പെട്ടവന്റെ ആത്മബോധവും ആത്മാഭിമാനവുമാണ് മതം' എന്ന തലക്കെട്ടു കൊടുക്കുന്നു. പൊതുവെ മാര്‍ക്‌സിയന്‍ ക്ലീഷേ ആയിത്തീര്‍ന്നിട്ടുള്ള 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന വാക്യം തലക്കെട്ടാക്കാമെന്ന ചിന്ത ഉണ്ടായെങ്കിലും അതില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളടങ്ങിയിട്ടുള്ളതായി ഞങ്ങള്‍ക്കനുഭവപ്പെട്ടു. ഒന്നാമതായി മാര്‍ക്‌സിന്‍ മതവിമര്‍ശനത്തിന്റെ ഉള്‍ക്കാമ്പ് ഈ വാക്യത്തില്‍ സ്വയം പൂര്‍ണ്ണമല്ലതന്നെ. അതുമാത്രമായി പലപ്പോഴും ഉദ്ധരിക്കുന്നതായി കാണപ്പെടാറുണ്ട്. അത് ഏകപക്ഷീയമാണ്. കാരണം അത് സ്വയം വിശദീകരണം നല്‍കുന്ന വാക്യമല്ല. മതത്തിന്റെ ഒരു സവിശേഷതയെ മാത്രമേ അതുള്‍ക്കൊള്ളുന്നുള്ളു. അതായത് അത് മനുഷ്യനെ മയക്കുന്നു. എന്നാല്‍ മാര്‍ക്‌സ് മതത്തെ കാണുന്ന കാഴ്ച്ചപ്പാട് 'ഇനിയും സ്വയം തിരിച്ചറിഞ്ഞിട്ടില്ലാത്തവന്റെ, സ്വയം നഷ്ടപ്പെട്ടവന്റെ ആത്മബോധവും ആത്മാഭിമാനവുമാണ് മതം' എന്ന വാക്കുകളില്‍ ഉള്‍ക്കൊള്ളുന്നുണ്ട്.

Saturday 3 September 2011

നേര്‍ത്തൊരു ചര്‍മ്മമാണോ സ്ത്രീയുടെ മാന്യതയുടെ മാനദണ്ഡം


'Equality is a dynamic concept with many aspects & dimensions and it cannot be cribbed, cabined and confined' with in traditional and doctrinaire limits.'
-E.P. Royappa v. State of Tamil Nadu, AIR 1974 SC 555

'Article 14 strikes at arbitrariness in state action. And ensures fairness and equality of treatment. The principle of reasonableness, which legally as well as philosophycally, is an essential element of equality or non-arbitrariness, pervades Article 14 like a broading omnipresence'.
-Maneka Gandhi v. Union of India, AIR 1978 SC 597




ഇത് വളരെ പണ്ടു നടന്ന സംഭവമൊന്നുമല്ല. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 600 കി.മീ മാറി സ്ഥിതി ചെയ്യുന്ന ശാദോള്‍ നഗരത്തില്‍,  ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത സമൂഹവിവാഹത്തിന്റെ ഭാഗമായി 150 -ഓളം ആദിവാസികളും ദളിതരുമായ സ്ത്രീകള്‍ക്കു നിര്‍ബന്ധിത കന്യാകാത്വ പരിശോധനക്ക്   (Virginity test) വിധേയരാകേണ്ടി വന്നു. നിരക്ഷരരും ദരിദ്രരുമായ ഇവര്‍ക്ക് ഭരണകൂടം കനിഞ്ഞു നല്‍കുന്ന സമൂഹവിവാഹത്തില്‍ പങ്കെടുക്കുന്നതിനായി തങ്ങള്‍ കന്യകകളാണെന്ന യോഗ്യത തെളിയിക്കണമായിരുന്നു. ഇതിനായി ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കേവല വാഗ്ദാനങ്ങളേ വേണ്ടി വന്നുള്ളൂ. ഈ വാഗ്ദാനമായിരിക്കണം (ഇത്രയും പോരേ) കൊടും വെയിലത്തു ക്യൂ ആയി നില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ച അപ്രധാനമല്ലാത്ത കാരണങ്ങളില്‍ ഒന്ന്.

സ്ത്രീ - പുരുഷ സമത്വവും ജനാധിപത്യവും സോഷ്യലിസവും കൊടികളിലും പ്രസംഗങ്ങളിലും പാര്‍ട്ടി നയരേഖകളിലും തിളങ്ങുന്ന ഇക്കാലത്ത് ഇത്തരമൊരു സംഭവമുണ്ടായി എന്നത് ചില ചോദ്യങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നു. ശരിക്കും സ്ത്രീ കന്യകയായിരിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിക്കുന്നതാരാണ്? പുരുഷന്റെ കന്യകാത്വ പരിധി എന്താണ്? നിലവില്‍ 'കന്യകാത്വ പരിശോധന'യുടെ ന്യായീകരണമായി സാധാരണ പറയുന്നത് നിര്‍ബന്ധിത കടന്നേറ്റത്തിന് സ്ത്രീ അല്ലെങ്കില്‍ സ്ത്രീ ശരീരം വിധേയമായിട്ടുണ്ടോ എന്നറിയാനാണ്. എന്നാല്‍ എന്താണ് കന്യകാത്വ പരിശോധനയുടെ ശാസ്ത്രീയമായ അടിത്തറ?

ഈ നിര്‍ബന്ധിത കന്യകാത്വ പരിശോധനക്കു വിധേയരാകേണ്ടി വന്ന സ്ത്രീകളുടെ നിസ്സഹായാവസ്ഥയെ കുറിച്ചോര്‍ക്കുമ്പോള്‍ എത്രമാത്രം അരക്ഷിതമാണ് ഒരു മനുഷ്യജീവി എന്ന നിലയിലുള്ള അവരുടെ അതിജീവനം! ബി.ജെ.പി ഗവണ്‍മെന്റിന്റെ കന്യാദാന പദ്ധതി കേള്‍ക്കാന്‍ വളരെ സുന്ദരമായ വികസനനയമായിരുന്നു. എന്നാല്‍ ഒരു സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും താഴ്ന്നു നില്‍ക്കുന്ന ഒരു കൂട്ടം ജനതയുടെ മേല്‍ നടത്തിയ ക്രൂരമായ ആക്രമണമായിപ്പോയി യോഗ്യത നിര്‍ണയിക്കല്‍ ടെസ്റ്റ്. ഭാരതസ്ത്രീകളുടെ വിശുദ്ധി കാത്തു സൂക്ഷിക്കുന്നവര്‍ വാദിക്കുന്നത് സ്ത്രീ വിശുദ്ധയാണെന്ന് സ്വയമറിഞ്ഞാല്‍ മാത്രം പോര, ലോകം മുഴുവനും അറിയിക്കണം, എന്നാലെ ഒരു വിവാഹത്തിലേര്‍പ്പെടാന്‍ അവള്‍ക്ക് അവകാശമുള്ളൂ എന്നാണ്. ഈ സംഭവത്തെക്കുറിച്ചു ന്യായീകരിക്കുന്ന മധ്യപ്രദേശിലെ ബി.ജെ.പി ഗവണ്‍മെന്റ് തങ്ങളുടെ ഹൈന്ദവ രാഷ്ട്രീയ അജണ്ട നടപ്പില്‍ വരുത്തുന്നതിനായി ഉപയോഗിച്ച ഒരായുധം മാത്രമായിരുന്നു  ഈ കന്യാകത്വ പരിശോധന. കന്യകകളായ സ്ത്രീകളെ സ്‌പോണ്‍സര്‍ ചെയ്ത് ഹിന്ദു പുരുഷന്മാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ആവുമെന്ന് ഇവര്‍ കരുതുന്നു. സ്ത്രീ തന്റെ മാന്യതയും അഭിമാനവും അടിയറവ് വെച്ച് തങ്ങള്‍ ഇപ്പോഴും 'വിശുദ്ധി' കാത്തു സൂക്ഷിക്കുന്നുവെന്നു തെളിയിക്കുകയും അതുവഴി ജീവിത പങ്കാളിയെ ലഭിക്കുവാനുള്ള അവസരത്തില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടുകയും ചെയ്യുക! എത്ര അധാര്‍മ്മികമായ, അസമത്വം നിറഞ്ഞ, അനീതി നിറഞ്ഞ അപമാനമാണിത്? അതും തന്റെ ശാരീരിക വിശുദ്ധി, തികച്ചും അശാസ്ത്രീയമായ, Barbarious  ആയ, യാതൊരു നീതികരണവുമില്ലാത്ത, ആധുനിക ലോകത്തിന് അപരിചിതമാവേണ്ട, കാലം തള്ളിക്കളയേണ്ട, Virginity test മുഖേന തെളിയിക്കേണ്ടി വരിക! സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നാക്കം നില്‍ക്കുന്ന ഏതാനും സാധുക്കളുടെ മേല്‍ പരിഷ്‌കൃത സമൂഹം നടത്തുന്ന കടന്നാക്രമണം തന്നെയായിപ്പോയി ഈ നിര്‍ബന്ധിത Virginity Test. ഇവിടെ അക്രമി, ഭരണകൂടം തന്നെയാവുന്നു എന്നത് എത്ര വിരോധാഭാസമാണ്. എന്തവകാശമാണുള്ളത് ഒരു ഭരണ കൂടത്തിന് വ്യക്തിയുടെ സ്വകാര്യതയ്ക്കു മേല്‍ കടന്നാക്രമണം നടത്താന്‍?

ഒരു  വ്യക്തിയുടെ ശരീരത്തിനു മേല്‍ ഉള്ള അയാളുടെ/അവളുടെ അവകാശമെന്നത് അയാള്‍/അവള്‍ തന്നെ ഉപയോഗിക്കുന്ന രീതിയിലൂടെയാണ് വെളിവാകുന്നത്. എപ്പോഴൊക്കെ സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത വിധം മറ്റൊരു വ്യക്തി അല്ലെങ്കില്‍ അതോറിറ്റി കടന്നു കയറുന്നുവോ അപ്പോഴൊക്കെ ഈ അവകാശത്തിനു ധ്വംസനം സംഭവിക്കുന്നു. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ താന്‍ ചെയ്യേണ്ടത് താന്‍ ചിന്തിക്കേണ്ടത്, മറ്റൊരാള്‍ ചിന്തിക്കുന്നു,ചെയ്യുന്നു. ഇതിനായി സമ്മതം (Consent) കൊടുക്കല്‍ എന്നത്, വെറുമൊരു വാക്കില്‍ മാത്രം ഒതുങ്ങുന്നു, ഒതുങ്ങിപോകുന്നു, സമ്മതം കൊടുക്കല്‍ എന്നത് പലപ്പോഴും സാഹചര്യങ്ങളുടെ സൃഷ്ടിയായിത്തീരുക/ആക്കിത്തീര്‍ക്കുക എന്നതാവുന്നു. തല്‍ഫലമായി തന്നിലുള്ള അവകാശം, തീരുമാനമെടുക്കാനുള്ള അവകാശം, ശരി,തെറ്റുകള്‍ തീരുമാനിക്കുന്നതിനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം എന്നിവയിലെല്ലാം ഒരു കടന്നുകയറല്‍  പലപ്പോഴും സമൂഹത്തിന്റെ സമസ്ത മേഖലകളില്‍ നിന്നും സ്ത്രീക്കു മേല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു തിരിച്ചറിയുന്ന പ്രതികരിക്കുന്ന സ്ത്രീകള്‍ സമൂഹത്തില്‍ വിരല്‍ ചൂണ്ടപ്പെട്ടവളാകുന്നു. തന്റേടിയും അഹങ്കാരിയുമാകുന്നു.

ശരിക്കുപറഞ്ഞാല്‍ Viriginity test  പോലുള്ള അശാസ്ത്രീയ നിര്‍ണയ രീതികള്‍, മിക്കപ്പോഴും നടത്തുന്നത് സ്ത്രീയുടെ സ്വതന്ത്രമായ അനുവാദത്തോടു (Free consent) കൂടിയല്ല. ഒരു സ്ത്രീയുടെ മാന്യത, അവള്‍ക്കു തന്റെ ശരീരത്തില്‍ വേണമെന്നുള്ളതും അതുപോലെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ വേണമെന്നുള്ളതും അത്ര മോശം കാര്യമാണോ? ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഒരുത്തി കന്യകയാണോ അല്ലയോ എന്നു പരിശോധിക്കാം എന്നത് അവളിലേക്കുള്ള അധിനിവേശത്തിനു തുല്യമല്ലേ? അല്ലെങ്കില്‍ത്തന്നെ സ്ത്രീ മാത്രം കന്യകയായിരിക്കണമെന്ന് ഇത്രമാത്രം നിര്‍ബന്ധം പിടിക്കുന്നവരാരാണ്? സ്ത്രീയല്ല തീര്‍ച്ച.


സ്ത്രീ  പക്ഷത്തുനിന്നും ചിന്തിക്കുമ്പോള്‍ Virginity test -ന്റെ പിന്നിലുള്ള ഉദ്ദേശ്യമെന്നത്, അവള്‍ ദുര്‍ബലയാണ്, അവള്‍ ലൈംഗിക സ്വാതന്ത്ര്യം അനുഭവിക്കുന്നതു തടയേണ്ടവര്‍ തങ്ങള്‍ പുരുഷന്മാരാണ്, അല്ലെങ്കില്‍ അവളുടെ വിശുദ്ധി തങ്ങളുടെ മാന്യത കൂട്ടുന്നു എന്നൊക്കെയുള്ള ധാരണകളാവണം.
നിലവിലുള്ള കന്യകാത്വ പരിശോധനയുടെ മറ്റൊരു ആവശ്യം, സ്ത്രീയില്‍ അവളുടെ സമ്മതമില്ലാതെ ലൈംഗികാതിക്രമണം നടന്നുവോ എന്നു പരിശോധിക്കുന്നതിനാണ്. ബലാല്‍സംഗം പോലുള്ള കുറ്റകൃത്യങ്ങളില്‍ ടെസ്റ്റിനെ മാത്രമടിസ്ഥാനപ്പെടുത്തിയല്ല അവള്‍ ലൈംഗികാതിക്രമണത്തിനു വിധേയമായിട്ടുണ്ടോ എന്നു തീര്‍ച്ചപ്പെടുത്തുന്നത്. ലൈംഗികാവയവങ്ങളില്‍ കണ്ടേക്കാവുന്ന മുറിവുകള്‍, മറ്റടയാളങ്ങള്‍ എന്നിവയുടെ കൂടി അടിസ്ഥാനത്തിലാണ്. എന്നാല്‍, എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന, ജനന സമയത്ത് ഉണ്ടായിരുന്നുവോ ഇല്ലയോ എന്നു പോലും തീര്‍ച്ചപ്പെടുത്താനാവാത്ത ഒരു നേര്‍ത്ത സ്തരത്തിന്റെ കണ്ടെത്തലിനെ ആശ്രയിച്ചിരിക്കുകയാണ് നിലവിലുള്ള കന്യകാത്വ പരിശോധന! ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ 'കന്യാചര്‍മ' മെന്നു പേരിട്ടിരിക്കുന്ന സ്തരം, ഒരു പെണ്‍ കുഞ്ഞു ജനിക്കുമ്പോള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നില്ല. ജനനത്തിലെ ഈ ചര്‍മം ഇല്ലാതിരുന്ന പെണ്‍കുട്ടിക്കു കൂടി പരിശോധനക്കു വിധേയമായ ശേഷം കിട്ടുന്ന ലേബല്‍ 'കന്യാകാത്വം നഷ്ടപ്പെട്ടവള്‍' എന്നായിരിക്കും. കൂടാതെ ഓട്ടം, ചാട്ടം, നീന്തല്‍, നൃത്തം തുടങ്ങിയവയില്‍ തല്പരയാവള്‍ക്ക് ഒരു നേര്‍ത്ത സ്തരം പൊട്ടിപോകുവാന്‍ വേറെ എന്തെങ്കിലും കാരണം വേണോ? അങ്ങനെ കാരണം തേടുന്നവര്‍ വിദ്യാഭ്യാസം നേടിയിട്ടും വിവരം വര്‍ദ്ധിപ്പിച്ചിട്ടും എന്തു ഫലമാണുള്ളത്? 'ശാസ്ത്രം വളര്‍ന്നു,' 'ലോകം വളര്‍ന്നു' എന്ന വാക്കുകള്‍ നമുക്കെങ്ങനെ ഉച്ചരിക്കാനാവും, മനുഷ്യന്റെ മനസ്സു വളര്‍ന്നിട്ടില്ലെങ്കില്‍?

ലിംഗപരമായ അനീതി കൊണ്ടു മാത്രമാണ് Virginity test ലേക്ക് എത്തിച്ചേരുന്നത്. ഒരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത നിര്‍ണയ രീതി കൊണ്ടു സ്ത്രീയുടെ മാന്യതയെ ചോദ്യം ചെയ്യുകയെന്നത് വ്യക്തമായ അസമത്വം തന്നെയല്ലെ? ഇതിലെവിടെയാണ് dignified life ന്റെ ബഹിര്‍സ്ഫുരണം? ഇതിലെവിടെയാണ് autonomy -യുടേയും Self decision making എന്നതിന്റെയുമൊക്കെ അംശങ്ങള്‍? എവിടെയാണ് സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനം? എന്തിനൊക്കെ വേണ്ടി, ആര്‍ക്കു വേണ്ടിയാണ് സ്ത്രീ തന്റെ സ്വത്വത്തെ ചൂഷകന്റെ കയ്യില്‍ ഏല്‍പിക്കേണ്ടി വരുന്നത്?

ഒരു നിര്‍വചനത്തില്‍ കന്യാകത്വ പരിശോധനയെ എത്തിച്ചാല്‍ അത് സ്ത്രീയുടെ 'കന്യാചര്‍മം' കേടു പറ്റിയിട്ടുണ്ടോ ഇല്ലയോ എന്ന പരിശോധനയിലൊതുങ്ങുന്നു. എന്നാല്‍ ഇതു മാനസികമായും വൈകാരികമായും സ്ത്രീകളെ തളര്‍ത്തുന്ന ഒന്നാണെന്നു പറയുമ്പോഴും എല്ലാവിധ അവകാശങ്ങളുടെയും അടിച്ചമര്‍ത്തലാണിതെന്ന സത്യം വെളിവാക്കപ്പെടുന്നില്ല. സ്ത്രീയെന്നോ,പുരുഷനെന്നോ വേര്‍തിരിക്കാതെ, Virginity test നെക്കുറിച്ച് Amnesty Internationalനടത്തിയ പ്രസ്താവന ഇങ്ങനെയാണ്; “Forcebly subjecting women to so called ‘virginity test’ is an egragious form of gender based violence constituting torture or cruel, inhuman or degrading treatment”.അതായത് കന്യാകാത്വ പരിശോധന, സ്ത്രീയുടെ മാന്യതയ്ക്കു നേരെയുള്ള ക്രൂരമായ, മൃഗീയമായ, തരംതാണ, പീഢനം തന്നെയാണ് എന്നതാണ്.
എല്ലാ മനുഷ്യരും സ്വതന്ത്രരായി ജീവിക്കുകയും അന്തസ്സിലും അവകാശങ്ങളിലും തുല്യരാണെന്നും വിശാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഭരണഘടന പറയുന്നുണ്ട്. മനുഷ്യാവകാശങ്ങളെ സംബന്ധിച്ചിടത്തോളം അവ ആഗോളവും അവിഭാജ്യവും പരസ്പരാശ്രയത്തിലധിഷ്ഠിതവും പരസ്പരബന്ധിതവുമാണ്.  ഏതൊരു അവകാശവും മറ്റൊരു അവകാശത്തോടൊപ്പം കണ്ണി ചേര്‍ക്കാവുന്നതും വേര്‍തിരിക്കാനാവാത്തതുമാണ്. നിരവധി അവകാശങ്ങളുടെ ലംഘനമാണ് Virginity test പോലുള്ള അശാസ്ത്രീയ നിര്‍ണയ രീതികളിലൂടെ സ്ത്രീകള്‍ക്കുണ്ടാവുന്നത്.തുല്യതയ്ക്കുള്ള അവകാശം, അക്രമങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെയുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം എന്നീ ഭരണ ഘടനാപരമായ സ്വാതന്ത്ര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും പുറമേ നമ്മുടെ കോടതികള്‍ നമുക്ക് യാതൊരു ലുബ്ധുമില്ലാതെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നല്‍കികൊണ്ടേയിരുന്നു. എന്നാല്‍ ഏതെല്ലാം അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ നാം അറിയുന്നുണ്ട്? അനുഭവിക്കുന്നുണ്ട്? ലിംഗസമത്വവും സ്വകാര്യതയ്ക്കുള്ള അവകാശവും മാന്യതയോടെ ജീവിക്കാനുള്ള അവകാശവും എല്ലാമെല്ലാം നമ്മുടെ മുന്നില്‍ ഉണ്ട്. എന്നാല്‍ ഇവയുടെ വ്യക്തമായ ലംഘനങ്ങളാണ് നടക്കുന്നത്. അപ്പോഴും നമ്മള്‍ പറയുന്നു നമുക്ക് അവകാശങ്ങള്‍, സ്വാതന്ത്ര്യങ്ങള്‍ ഉണ്ടെന്ന്.

Right to Privacy അഥവാ സ്വകാര്യതയ്ക്കുള്ള അവകാശം മറ്റേതൊരു അവകാശത്തെയും പോലെ തന്നെ തുല്യമാണെന്നും പരിരക്ഷിക്കപ്പെടേണ്ടതാണെന്നും ഇതൊക്കെ നമ്മുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുള്ളില്‍ വരുന്നതാണെന്നും പറയപ്പടുന്നു. ജുഡീഷ്യറിയുടെ അക്ടിവിസ്റ്റ് നിലപാടിന്റെയും ഇടപെടലുകളുടെയും ഫലമായി കിട്ടിയ നിരവധി അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും കുറിച്ച് നമുക്ക് പറയാനുണ്ട്. R.Rajagopal v. State of Tamil Nadu എന്ന വിഖ്യാതമായ കേസിന്റെ വിധിയിലൂടെ നമുക്കു സ്ഥാപിച്ചു തന്ന നമ്മുടെ സ്വകാര്യതയ്ക്കുള്ള അവകാശം, സ്വന്തം, എന്നില്‍ മാത്രം അറിയേണ്ടത്,എന്റേതു മാത്രമായി നാമേറെ സൂക്ഷിച്ചു വരുന്ന ചില വിവരങ്ങള്‍, മറ്റുള്ളവരില്‍ നിന്നും മറച്ചു വയ്‌ക്കേണ്ട ഒരു വ്യക്തിയുടെ മാത്രമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ എന്നിവയുടെ സംരക്ഷണം സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ പരിധിയില്‍ വരുത്തുകയും അതിന്റെ ലംഘനം ഒരു വ്യക്തിയുടെ മൗലികാവകാശ ലംഘനമായിത്തന്നെ കരുതുകയും ചെയ്യുന്നു. നിര്‍ബന്ധിത Virginity test ഒരു  വ്യക്തിയുടെ സ്വകാര്യതയ്ക്കു മേലുള്ള കടന്നു കയറ്റമായി പറയേണ്ടിവരുന്നതും ഇതുകൊണ്ടുതന്നെയാണ്.

അപ്പോള്‍ Virginity test പോലുള്ള അതിക്രമങ്ങള്‍ സ്ത്രീയുടെ സ്വത്വത്തിനു നേരെയുള്ള വെല്ലുവിളിയായിത്തീരുന്നു. തുല്യതയ്ക്കുള്ള അവകാശമെന്ന നമ്മുടെ Right to Equalityപൂര്‍ണമായും ഏകപക്ഷീയതയ്ക്ക് എതിരാണ്. നിരവധി വശങ്ങളും മേഖലകളുമുള്ള, ജീവനുള്ള ഒരു ആശയമാണ് തുല്യതയ്ക്കുള്ള അവകാശം. പരമ്പരാഗതവും കേവല സിദ്ധാന്തപരവുമായ അതിരുകള്‍ക്കുള്ളില്‍ ഒരിക്കലും ഈ മഹത്തായ അവകാശത്തെ ബന്ധിക്കുകയോ തളച്ചിടുകയോ ചെയ്യരുതെന്നുമാണ് ഈ അവകാശത്തിന്റെ കോടതി വ്യാഖ്യാനം. അങ്ങനെ വരുമ്പോള്‍ ലിംഗസമത്വമെന്നത് ഒരു ഭരണകൂടത്തിന്റെ ഒഴിച്ചു കൂടാനാവാത്ത കര്‍ത്തവ്യമാണ്. എന്നാല്‍ അതേസമയം തന്നെ വളരെ വ്യക്തമായ, പ്രത്യക്ഷമായ ലൈംഗിക അസമത്വം നിലനില്‍ക്കുകയും ചെയ്യുന്നു.  ഒരു സ്ത്രീയെ Virginity test -നു വിധേയമാക്കുന്നത്, നമ്മുടെ ജീവിക്കുന്നതിനുള്ള അവകാശത്തില്‍ ഉള്‍പ്പെടുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നാണ് Surjit Singh Thind v. Kanwaljit Kaur (AIR 2003 P& H 353) കേസില്‍ കോടതി പ്രഖ്യാപിച്ചത്.

മധ്യപ്രദേശില്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സമത്വത്തെ നോക്കുമ്പോള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ കരാറായ CEDAW (Convention on Elimination of Discrimination Against Women)-ലെ അംഗമായ ഇന്ത്യ,  നേരിട്ടുള്ള ലിംഗ അസമത്വത്തിന്റെ പ്രവര്‍ത്തക മാധ്യമമായി മാറി എന്നത് ഏറെ  വൈരുദ്ധ്യം നിറഞ്ഞതായിത്തീര്‍ന്നിരിക്കുന്നു എന്നു പറയാന്‍ സമത്വബോധമുള്ള ഏതൊരാള്‍ക്കാണ് കഴിയാതിരിക്കുക? പുരുഷ കേന്ദ്രീകൃത നിയമങ്ങള്‍ക്കും നടപടികള്‍ക്കും ആക്കം കൂട്ടുകയും ചൂഷണത്തിനും അടിച്ചമര്‍ത്തലിനും വിധേയരാക്കുകയും ചെയ്യുന്ന നിരവധി ആചാരങ്ങള്‍ക്കുള്ളില്‍ യാതൊരു ശാസ്ത്രീയതയുമില്ലാത്ത, സ്ത്രീയുടെ അനുവാദത്തിന്റെ പ്രസക്തി പോലും പരിഗണിക്കാത്ത Virginity test പോലുള്ള രീതികള്‍ സ്ത്രീ - പുരുഷ തുല്യത ഉറപ്പുവരുത്തുന്ന ഒരു രാഷ്ട്രത്തില്‍ നിലനില്‍ക്കുന്നുവെന്നതിന്റെ അര്‍ത്ഥം ആ രാഷ്ട്രം ഇപ്പോഴും സാംസ്‌കാരികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും യാതൊരു വളര്‍ച്ചയുമില്ലാതെ നില്‍ക്കുന്നുവെന്നാണ്.