Thursday 2 February 2012

സ്വയം നഷ്ടപ്പെട്ടവന്റെ ആത്മബോധവും ആത്മാഭിമാനവുമാണ് മതം


കാറല്‍ മാര്‍ക്‌സ്

['ഹെഗലിയന്‍ നിയമദര്‍ശന വിമര്‍ശനത്തിന് ഒരു സംഭാവന' (Contribution to the Critique of Hegel's Philosophy of Law)  എന്ന കൃതിയുടെ ആമുഖത്തില്‍ നിന്നുള്ള ഭാഗം]

ജര്‍മ്മനിയെ
സംബന്ധിച്ചിടത്തോളം മത വിമര്‍ശനം (criticism of religion) അനിവാര്യമായും പരിപൂര്‍ണ്ണമായിരിക്കുന്നുവെന്നുമാത്രമല്ല മറ്റെല്ലാ വിമര്‍ശനത്തിന്റെയും മുന്നുപാധികൂടി ആയാണ് അതിനെ ഗണിക്കുന്നത്.

ദൈവത്തിനും രാജ്യത്തിനും വേണ്ടിയുള്ള പ്രഭാഷണങ്ങള്‍ നിരാകരിക്കപ്പെട്ടതോടെ തെറ്റ് പ്രാപഞ്ചികമാണെന്ന വാദത്തിന് ഇടിവ് സംഭവിച്ചു. സ്വര്‍ഗ്ഗമെന്ന അത്ഭുത യാഥാര്‍ത്ഥ്യത്തില്‍ ഒരു അമാനുഷിക ശക്തിയെ അന്വേഷിച്ചിറങ്ങിയ മനുഷ്യന് വാസ്തവത്തില്‍ സ്വന്തം പ്രതിഛായയെയല്ലാതെ മറ്റൊന്നും കാണാനായില്ല. അങ്ങനെയുള്ള മനുഷ്യന്‍ സ്വന്തം യാഥാര്‍ത്ഥ്യത്തെ എവിടെയാണോ അന്വേഷിക്കുന്നത് അഥവാ എവിടെയാണോ തിരയേണ്ടത് അവിടെയെല്ലാം ഇത്തരത്തില്‍ കേവലം സ്വന്തം സത്തയെ, കേവലം അമാനുഷികതയെ (unmensch) തുടര്‍ന്നും ദര്‍ശിക്കാന്‍ ആഗ്രഹിക്കില്ല.

മതവിരുദ്ധ വിമര്‍ശനത്തിന്റെ അടിസ്ഥാനം ഇതാണ്: മനുഷ്യന്‍ മതത്തെ സൃഷ്ടിക്കുന്നു. അല്ലാതെ മതമല്ല മനുഷ്യനെ സൃഷ്ടിക്കുന്നത്. ഇനിയും സ്വയം തിരിച്ചറിഞ്ഞിട്ടില്ലാത്തവന്റെ, സ്വയം നഷ്ടപ്പെട്ടവന്റെ ആത്മബോധവും ആത്മാഭിമാനവുമാണ് മതം. ബാഹ്യലോകത്താല്‍ വലയം ചെയ്യപ്പെട്ടിട്ടുളള ഒരമൂര്‍ത്ത അസ്തിത്വമല്ല മനുഷ്യന്‍. മനുഷ്യന്‍ എന്നത് മനുഷ്യ ലോകമാണ്-- അവസ്ഥയാണ്, സമൂഹമാണ്. ഈ അവസ്ഥയാണ്, ഈ സമൂഹമാണ് തലകീഴായ ലോകബോധത്തെ, മതത്തെ ഉല്‍പ്പാദിപ്പിക്കുന്നത്. 
കാരണം, അവ തലകീഴായ ലോകം തന്നെയാണ്. അത്തരമൊരു ലോകത്തിന്റെ പൊതു സിദ്ധാന്തമാണ്, വൈജ്ഞാനിക സംഗ്രഹമാണ്, ജനകീയരൂപത്തിലുള്ള യുക്തിയാണ്, ആത്മീയമായ ഇടപെടലാണ്, ഉത്സാഹമാണ്, ധാര്‍മ്മികാംഗീകാരമാണ്, ഭക്തിപുരസരമുള്ള സ്തുതിയാണ്, സാന്ത്വനത്തിന്റെയും ന്യായത്തിന്റെയും പ്രാപഞ്ചികാടിത്തറയാണ് മതം. മനുഷ്യ സത്തയുടെ അതിഗംഭീരമായ  സാക്ഷാത്കാരമാണത്. എന്തെന്നാല്‍ മനുഷ്യ സത്തയ്ക്കുതന്നെ ശരിയായൊരു ഉണ്മയില്ല. ആയതിനാല്‍ മതത്തിനെതിരായ പോരാട്ടം മതത്തെ ഒരു ആത്മീയ സുഗന്ധമായി സ്വീകരിച്ചിട്ടുള്ള ഈ ലോകത്തിനെതിരായ പോരാട്ടം കൂടിയാണ്.
 മതപരമായ വ്യഥ ഒരേസമയം തന്നെ യഥാര്‍ത്ഥ വ്യഥയുടെ ഒരു പ്രകടിത രൂപവും ഈ യഥാര്‍ത്ഥ വ്യഥയ്‌ക്കെതിരായ ഒരു പ്രതിഷേധവുമാണ്. മതം അടിച്ചമര്‍ത്തപ്പെട്ടവന്റെ നിശ്വാസവും ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയവും ആത്മരഹിത സാഹചര്യങ്ങളുടെ ആത്മാവുമാണ്. അത് മനുഷ്യനെ മയക്കുന്ന കറുപ്പാണ്.

ജനങ്ങളുടെ മിഥ്യാനന്ദമായ മതത്തെ ഇല്ലായ്മ ചെയ്യണമെന്ന് പറയുന്നതിനര്‍ത്ഥം അവരുടെ യഥാര്‍ത്ഥ ആനന്ദത്തിനുവേണ്ടി ആവശ്യമുയര്‍ത്തുക എന്നാണ്. സ്വന്തം സാഹചര്യത്തെ കുറിച്ചുള്ള മിഥ്യാ സങ്കല്‍പ്പങ്ങള്‍ കൈയ്യൊഴിയണമെന്ന അവരോടുള്ള ആഹ്വാനം വാസ്തവത്തില്‍ ഈ മിഥ്യാ സങ്കല്‍പ്പങ്ങള്‍ ആവശ്യമായുള്ള സാഹചര്യത്തെത്തന്നെ കൈയ്യൊഴിയാനുള്ള ആഹ്വാനമാണ്. അതിനാല്‍ മതവിമര്‍ശനമെന്നത് മതത്തെ ഒരു പരിവേഷമായണിഞ്ഞിട്ടുള്ള ഈ കണ്ണീര്‍ താഴ്‌വരയ്‌ക്കെതിരായ (vale of tears) വിമര്‍ശനത്തിന്റെ ഭ്രൂണാവസ്ഥ തന്നെയാണ്.

ചില്ലയിലെ സാങ്കല്‍പ്പികമായ പൂവുകളെ വിമര്‍ശനം പിച്ചിചീന്തുന്നത് ഭംഗിയും സുഗന്ധവുമില്ലാത്ത പൂക്കള്‍ മനുഷ്യന്‍ ചൂടാതിരിക്കാനാണ്. കൂടാതെ ജീവസുറ്റ പൂക്കള്‍ അവന് പറിക്കാന്‍ കൂടിയാണ്. മതവിമര്‍ശനം മനുഷ്യനെ മിഥ്യാ സങ്കല്‍പ്പങ്ങളില്‍ നിന്നും മോചിപ്പിച്ച് അവനെ ചിന്തിക്കാനും പ്രവര്‍ത്തിക്കനും പ്രാപ്തനാക്കുന്നു. മിഥ്യാ സങ്കല്‍പ്പങ്ങളില്‍ മിന്നും മുക്തനായവന്റെതുപോലെ അവന്റെ യാഥാര്‍ത്ഥ്യങ്ങളെയും മാറ്റിത്തീര്‍ക്കുന്നു. അവനെ യുക്തിയിലേയ്ക്ക് ആനയിച്ച് അവനാകുന്ന യഥാര്‍ത്ഥ സൂര്യനെ ചുറ്റിത്തിരിയാന്‍ അവനെ പ്രാപ്തനാക്കുന്നു. കാരണം മതം കേവലം മിഥ്യയായ സൂര്യനാണ്. മനുഷ്യന്‍ അവനു ചുറ്റും സ്വയം പരിക്രമണം ചെയ്യാത്തിടത്തോളം ഈ മിഥ്യസൂര്യന്‍ അവനെ പ്രരിക്രമണം ചെയ്യുന്നു.

അതുകൊണ്ട് സത്യത്തിനു പുറത്തുള്ള ലോകം ഒരിക്കല്‍ അപ്രത്യക്ഷപ്പെട്ടാല്‍ പിന്നെ ചരിത്രത്തിന്റെ ദൗത്യം ഈ ലോകത്തിന്റെ സത്യത്തെ പുനസ്ഥാപിക്കുക എന്നതാണ്. ഒരിക്കല്‍ മനുഷ്യന്റെ ആത്മവിദ്വേഷത്തിന്റെ വിശുദ്ധരൂപത്തിന്റെ മുഖംമൂടിയഴിഞ്ഞു വീണാല്‍, ചരിത്രത്തെ സഹായിച്ചുകൊണ്ടിരിക്കുന്ന തത്വശാസ്ത്രത്തിന്റെ അടിയന്തര ദൗത്യം ആ ആത്മവിദ്വേഷത്തെ അതിന്റെ വിശുദ്ധപരിവേഷമില്ലാതെ തന്നെ തുറന്നുകാട്ടുക എന്നതാണ്. അങ്ങനെ സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള വിമര്‍ശനം ഭൂമിയെക്കുറിച്ചുള്ള വിമര്‍ശനമായി പരിണമിക്കുന്നു. മതത്തെ കുറിച്ചുള്ള വിമര്‍ശനം നിയമത്തെക്കുറിച്ചുള്ള വിമര്‍ശനമായി പരിണമിക്കുന്നു. ദൈവവിജ്ഞാനീയത്തെ (theology) കുറിച്ചുള്ള വിമര്‍ശനം രാഷ്ട്രീയ വിമര്‍ശനമായി പരിണമിക്കുന്നു.



കുറിപ്പ്: ഈ മൊഴിമാറ്റം ഞങ്ങള്‍ (ഞാനും ഷഫീക്കും വിജിലാലനും) സ്വതന്ത്രമായി നടത്തിയതാണ്. അതും വളരെ തിടുക്കത്തില്‍. അക്കാരണത്താല്‍ത്തന്നെ ഭാഷാപരമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ വന്നേക്കാം. എന്നിരുന്നാലും ലേഖനത്തിന്റെ മൊത്തം സ്പിരിറ്റു ചോര്‍ന്നുപോകാതിരിക്കാന്‍ പരമാവധി ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. മറ്റൊരുകാര്യം ഇതിന് ഞങ്ങള്‍ 'സ്വയം നഷ്ടപ്പെട്ടവന്റെ ആത്മബോധവും ആത്മാഭിമാനവുമാണ് മതം' എന്ന തലക്കെട്ടു കൊടുക്കുന്നു. പൊതുവെ മാര്‍ക്‌സിയന്‍ ക്ലീഷേ ആയിത്തീര്‍ന്നിട്ടുള്ള 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന വാക്യം തലക്കെട്ടാക്കാമെന്ന ചിന്ത ഉണ്ടായെങ്കിലും അതില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളടങ്ങിയിട്ടുള്ളതായി ഞങ്ങള്‍ക്കനുഭവപ്പെട്ടു. ഒന്നാമതായി മാര്‍ക്‌സിന്‍ മതവിമര്‍ശനത്തിന്റെ ഉള്‍ക്കാമ്പ് ഈ വാക്യത്തില്‍ സ്വയം പൂര്‍ണ്ണമല്ലതന്നെ. അതുമാത്രമായി പലപ്പോഴും ഉദ്ധരിക്കുന്നതായി കാണപ്പെടാറുണ്ട്. അത് ഏകപക്ഷീയമാണ്. കാരണം അത് സ്വയം വിശദീകരണം നല്‍കുന്ന വാക്യമല്ല. മതത്തിന്റെ ഒരു സവിശേഷതയെ മാത്രമേ അതുള്‍ക്കൊള്ളുന്നുള്ളു. അതായത് അത് മനുഷ്യനെ മയക്കുന്നു. എന്നാല്‍ മാര്‍ക്‌സ് മതത്തെ കാണുന്ന കാഴ്ച്ചപ്പാട് 'ഇനിയും സ്വയം തിരിച്ചറിഞ്ഞിട്ടില്ലാത്തവന്റെ, സ്വയം നഷ്ടപ്പെട്ടവന്റെ ആത്മബോധവും ആത്മാഭിമാനവുമാണ് മതം' എന്ന വാക്കുകളില്‍ ഉള്‍ക്കൊള്ളുന്നുണ്ട്.