സ്ത്രീ സഞ്ചരിക്കുന്നതിന് പുരുഷ സമ്മതം എന്തിന്?
ദിവ്യ ദിവാകരന്നമ്മള് ഇന്ന് ആധുനിക യുഗത്തിലാണ് ജീവിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ കടന്നുവരവ് ജീവിതത്തിന്റെ സമസ്തമേഖലകളിലും മാറ്റങ്ങള്‍ വരുത്തി. ഇത് തൊഴിലിന്റെ വൈവിധ്യമാര്‍ന്ന സാധ്യതകള്‍ നമുക്കു മുന്നിലുണ്ടാക്കിക്കൊണ്ട് സ്ത്രീ പുരുഷ ഭേദമന്ന്യേ പൊതുസമൂഹത്തിലിടപെടാനും ഭാഗവാക്കാവാനുമുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായും സാമൂഹികമായും ഉള്ള വളര്‍ച്ചയ്ക്ക് പ്രകടമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഒറ്റപ്പെട്ട, വേറിട്ട ചിന്തകളും സ്വരങ്ങളും ഉയര്‍ത്തിക്കൊണ്ട് പെണ്‍ ശബ്ദങ്ങള്‍ കൂടുതല്‍ കേള്‍ക്കാമെന്നായി. സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്ന ചിലരെ സംബന്ധിച്ചിടത്തോളം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും കുറഞ്ഞ അളവിലെങ്കിലും അനുഭവിക്കാമെന്നായി. എങ്കില്‍പോലും സാമൂഹികമായ മതില്‍ കെട്ടുകള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ഈ സാമ്പത്തിക സ്വാതന്ത്ര്യം സഞ്ചാര സ്വാതന്ത്ര്യത്തിന്റെ കൂടി ഭാഗമായതിനാല്‍ ജോലിയുടെ ആവശ്യമായി മാത്രമെങ്കിലും അവര്‍ക്ക് രാത്രി കൂടി പുറത്തിറങ്ങാനുള്ള അനുമതി ലഭിക്കപ്പെട്ടു. അത്രമാത്രം വിശാലമനസ്‌കരല്ലാത്ത സ്തീകളാണെങ്കിലോ അങ്ങനെയുള്ള ജോലി വേണ്ടെന്ന കുടുംബത്തിലെ പുരുഷ ശബ്ദത്തെ മാനിച്ചു. പകല്‍മാത്രം ജോലി ചെയ്ത് രാത്രിയാവും മുമ്പേ വീട്ടിലെത്തി വീട്ടു ജോലിയും ചെയ്തു കഴിയണമെന്ന കുടുംബത്തിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ കേടുവരാതെ കുടുംബ ഭദ്രത ഉറപ്പിച്ച് മറ്റുചില സ്ത്രീകള്‍ ജീവിക്കുന്നു. അപ്പോള്‍ ഈ സ്ത്രീ സഞ്ചാരത്തിന്റെ പരിധിയെന്നത് നിലവില്‍ അവളുടെ ജോലിയുടെ സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തി പൊതു സമൂഹം പരിമിതപ്പെടുത്തി.


ഒരു ജനാധിപത്യ സമൂഹത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണ് എന്നാണല്ലോ വെയ്പ്പ്. എന്നാല്‍ ഏതുകാര്യത്തിലാണ് ഇവിടെ സ്ത്രീ പുരുഷനോളം തുല്യത അനുഭവിക്കുന്നത്? താന്‍ ആഗ്രഹിക്കുന്നിടത്ത് ഒന്ന് പോകണമെങ്കില്‍ അവള്‍ ആരുടെയെല്ലാം അനുവാദം വാങ്ങേണ്ടിവരുന്നു. ഇങ്ങനെ പറയുമ്പോള്‍ സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണെന്നും നമ്മുടെ സമൂഹത്തില്‍ സ്ത്രീ സുരക്ഷിതയല്ലാ എന്നുമുള്ള പല അഭിപ്രായങ്ങളും മനസിലേയ്ക്ക് കടന്നുവരുന്നുണ്ട്. സമൂഹത്തില്‍ സുരക്ഷിതയല്ലാത്തതിനാലാണത്രേ ഇത്രയും വിലക്കുകള്‍. ദുര്‍ബ്ബലയാണ്, സ്വയം സംരക്ഷിക്കാന്‍ അവള്‍ക്ക് കഴിയില്ല, അതിനാല്‍ പുരുഷവാക്യം കേട്ട് ജീവിച്ചുകൊള്ളണം. ഏതു സമയത്തും ആക്രമിക്കപ്പെടാവുന്ന ഒന്നാണ് സ്ത്രീ ശരീരം. നഷ്ടപ്പെടാന്‍ എന്തൊക്കെയോ ഉണ്ട്, അടങ്ങിയും ഒതുങ്ങിയും ജീവിച്ചുകൊള്ളണം. ഇതൊക്കെയാണ് ബാല പാഠങ്ങള്‍. സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട എന്ന ചൊല്ലുതന്നെ ആര്‍ക്കുവേണ്ടിയാണ് പറയുന്നത്? ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലയ്ക്കാണത്രേ കേട്.



തനിക്ക് തോന്നിയതുപോലെ ജീവിക്കാന്‍ എന്ന് സ്ത്രീയ്ക്ക് കഴിയുന്നുവോ അന്നായിരിക്കും സ്ത്രീയുടെ വിമോചനം. ഈ തരത്തിലുള്ള വിമോചനത്തിന്റ ആദ്യ പടിയാണ് പെണ്ണിന്റെ സഞ്ചാര സ്വാതന്ത്ര്യം. ഇൗ സഞ്ചാരമെന്നതില്‍ തന്നെ തനിച്ചോ കൂട്ടമായോ, എങ്ങനെയും എവിടേയ്ക്കും എത്തിപ്പെടാനും അതുതന്നെ പകലെന്നപോലെ രാത്രിയിലും സ്ത്രീകള്‍ നിരത്തുകളില്‍ സജീവമാകുന്ന അവസ്ഥയും ഉള്‍പ്പെടുന്നു. എന്താണ് ഉണ്ടാകുന്നത്, ഒരു സ്ത്രീ രാത്രി സഞ്ചാരം നടത്തിയാല്‍ എന്നതിന് ഇപ്പോഴത്തെ സമൂഹത്തിന് തസ്‌നി ബാനു തന്നെയാണ് ഉത്തരം.
സ്ത്രീയുടെ രണ്ടാം സ്വാതന്ത്ര്യസമരം, അത് സഞ്ചാരത്തിനുവേണ്ടിയുള്ളതാണ്.
No comments:
Post a Comment