Saturday 3 September 2011

നേര്‍ത്തൊരു ചര്‍മ്മമാണോ സ്ത്രീയുടെ മാന്യതയുടെ മാനദണ്ഡം


'Equality is a dynamic concept with many aspects & dimensions and it cannot be cribbed, cabined and confined' with in traditional and doctrinaire limits.'
-E.P. Royappa v. State of Tamil Nadu, AIR 1974 SC 555

'Article 14 strikes at arbitrariness in state action. And ensures fairness and equality of treatment. The principle of reasonableness, which legally as well as philosophycally, is an essential element of equality or non-arbitrariness, pervades Article 14 like a broading omnipresence'.
-Maneka Gandhi v. Union of India, AIR 1978 SC 597




ഇത് വളരെ പണ്ടു നടന്ന സംഭവമൊന്നുമല്ല. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 600 കി.മീ മാറി സ്ഥിതി ചെയ്യുന്ന ശാദോള്‍ നഗരത്തില്‍,  ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത സമൂഹവിവാഹത്തിന്റെ ഭാഗമായി 150 -ഓളം ആദിവാസികളും ദളിതരുമായ സ്ത്രീകള്‍ക്കു നിര്‍ബന്ധിത കന്യാകാത്വ പരിശോധനക്ക്   (Virginity test) വിധേയരാകേണ്ടി വന്നു. നിരക്ഷരരും ദരിദ്രരുമായ ഇവര്‍ക്ക് ഭരണകൂടം കനിഞ്ഞു നല്‍കുന്ന സമൂഹവിവാഹത്തില്‍ പങ്കെടുക്കുന്നതിനായി തങ്ങള്‍ കന്യകകളാണെന്ന യോഗ്യത തെളിയിക്കണമായിരുന്നു. ഇതിനായി ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കേവല വാഗ്ദാനങ്ങളേ വേണ്ടി വന്നുള്ളൂ. ഈ വാഗ്ദാനമായിരിക്കണം (ഇത്രയും പോരേ) കൊടും വെയിലത്തു ക്യൂ ആയി നില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ച അപ്രധാനമല്ലാത്ത കാരണങ്ങളില്‍ ഒന്ന്.

സ്ത്രീ - പുരുഷ സമത്വവും ജനാധിപത്യവും സോഷ്യലിസവും കൊടികളിലും പ്രസംഗങ്ങളിലും പാര്‍ട്ടി നയരേഖകളിലും തിളങ്ങുന്ന ഇക്കാലത്ത് ഇത്തരമൊരു സംഭവമുണ്ടായി എന്നത് ചില ചോദ്യങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നു. ശരിക്കും സ്ത്രീ കന്യകയായിരിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിക്കുന്നതാരാണ്? പുരുഷന്റെ കന്യകാത്വ പരിധി എന്താണ്? നിലവില്‍ 'കന്യകാത്വ പരിശോധന'യുടെ ന്യായീകരണമായി സാധാരണ പറയുന്നത് നിര്‍ബന്ധിത കടന്നേറ്റത്തിന് സ്ത്രീ അല്ലെങ്കില്‍ സ്ത്രീ ശരീരം വിധേയമായിട്ടുണ്ടോ എന്നറിയാനാണ്. എന്നാല്‍ എന്താണ് കന്യകാത്വ പരിശോധനയുടെ ശാസ്ത്രീയമായ അടിത്തറ?

ഈ നിര്‍ബന്ധിത കന്യകാത്വ പരിശോധനക്കു വിധേയരാകേണ്ടി വന്ന സ്ത്രീകളുടെ നിസ്സഹായാവസ്ഥയെ കുറിച്ചോര്‍ക്കുമ്പോള്‍ എത്രമാത്രം അരക്ഷിതമാണ് ഒരു മനുഷ്യജീവി എന്ന നിലയിലുള്ള അവരുടെ അതിജീവനം! ബി.ജെ.പി ഗവണ്‍മെന്റിന്റെ കന്യാദാന പദ്ധതി കേള്‍ക്കാന്‍ വളരെ സുന്ദരമായ വികസനനയമായിരുന്നു. എന്നാല്‍ ഒരു സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും താഴ്ന്നു നില്‍ക്കുന്ന ഒരു കൂട്ടം ജനതയുടെ മേല്‍ നടത്തിയ ക്രൂരമായ ആക്രമണമായിപ്പോയി യോഗ്യത നിര്‍ണയിക്കല്‍ ടെസ്റ്റ്. ഭാരതസ്ത്രീകളുടെ വിശുദ്ധി കാത്തു സൂക്ഷിക്കുന്നവര്‍ വാദിക്കുന്നത് സ്ത്രീ വിശുദ്ധയാണെന്ന് സ്വയമറിഞ്ഞാല്‍ മാത്രം പോര, ലോകം മുഴുവനും അറിയിക്കണം, എന്നാലെ ഒരു വിവാഹത്തിലേര്‍പ്പെടാന്‍ അവള്‍ക്ക് അവകാശമുള്ളൂ എന്നാണ്. ഈ സംഭവത്തെക്കുറിച്ചു ന്യായീകരിക്കുന്ന മധ്യപ്രദേശിലെ ബി.ജെ.പി ഗവണ്‍മെന്റ് തങ്ങളുടെ ഹൈന്ദവ രാഷ്ട്രീയ അജണ്ട നടപ്പില്‍ വരുത്തുന്നതിനായി ഉപയോഗിച്ച ഒരായുധം മാത്രമായിരുന്നു  ഈ കന്യാകത്വ പരിശോധന. കന്യകകളായ സ്ത്രീകളെ സ്‌പോണ്‍സര്‍ ചെയ്ത് ഹിന്ദു പുരുഷന്മാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ആവുമെന്ന് ഇവര്‍ കരുതുന്നു. സ്ത്രീ തന്റെ മാന്യതയും അഭിമാനവും അടിയറവ് വെച്ച് തങ്ങള്‍ ഇപ്പോഴും 'വിശുദ്ധി' കാത്തു സൂക്ഷിക്കുന്നുവെന്നു തെളിയിക്കുകയും അതുവഴി ജീവിത പങ്കാളിയെ ലഭിക്കുവാനുള്ള അവസരത്തില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടുകയും ചെയ്യുക! എത്ര അധാര്‍മ്മികമായ, അസമത്വം നിറഞ്ഞ, അനീതി നിറഞ്ഞ അപമാനമാണിത്? അതും തന്റെ ശാരീരിക വിശുദ്ധി, തികച്ചും അശാസ്ത്രീയമായ, Barbarious  ആയ, യാതൊരു നീതികരണവുമില്ലാത്ത, ആധുനിക ലോകത്തിന് അപരിചിതമാവേണ്ട, കാലം തള്ളിക്കളയേണ്ട, Virginity test മുഖേന തെളിയിക്കേണ്ടി വരിക! സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നാക്കം നില്‍ക്കുന്ന ഏതാനും സാധുക്കളുടെ മേല്‍ പരിഷ്‌കൃത സമൂഹം നടത്തുന്ന കടന്നാക്രമണം തന്നെയായിപ്പോയി ഈ നിര്‍ബന്ധിത Virginity Test. ഇവിടെ അക്രമി, ഭരണകൂടം തന്നെയാവുന്നു എന്നത് എത്ര വിരോധാഭാസമാണ്. എന്തവകാശമാണുള്ളത് ഒരു ഭരണ കൂടത്തിന് വ്യക്തിയുടെ സ്വകാര്യതയ്ക്കു മേല്‍ കടന്നാക്രമണം നടത്താന്‍?

ഒരു  വ്യക്തിയുടെ ശരീരത്തിനു മേല്‍ ഉള്ള അയാളുടെ/അവളുടെ അവകാശമെന്നത് അയാള്‍/അവള്‍ തന്നെ ഉപയോഗിക്കുന്ന രീതിയിലൂടെയാണ് വെളിവാകുന്നത്. എപ്പോഴൊക്കെ സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത വിധം മറ്റൊരു വ്യക്തി അല്ലെങ്കില്‍ അതോറിറ്റി കടന്നു കയറുന്നുവോ അപ്പോഴൊക്കെ ഈ അവകാശത്തിനു ധ്വംസനം സംഭവിക്കുന്നു. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ താന്‍ ചെയ്യേണ്ടത് താന്‍ ചിന്തിക്കേണ്ടത്, മറ്റൊരാള്‍ ചിന്തിക്കുന്നു,ചെയ്യുന്നു. ഇതിനായി സമ്മതം (Consent) കൊടുക്കല്‍ എന്നത്, വെറുമൊരു വാക്കില്‍ മാത്രം ഒതുങ്ങുന്നു, ഒതുങ്ങിപോകുന്നു, സമ്മതം കൊടുക്കല്‍ എന്നത് പലപ്പോഴും സാഹചര്യങ്ങളുടെ സൃഷ്ടിയായിത്തീരുക/ആക്കിത്തീര്‍ക്കുക എന്നതാവുന്നു. തല്‍ഫലമായി തന്നിലുള്ള അവകാശം, തീരുമാനമെടുക്കാനുള്ള അവകാശം, ശരി,തെറ്റുകള്‍ തീരുമാനിക്കുന്നതിനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം എന്നിവയിലെല്ലാം ഒരു കടന്നുകയറല്‍  പലപ്പോഴും സമൂഹത്തിന്റെ സമസ്ത മേഖലകളില്‍ നിന്നും സ്ത്രീക്കു മേല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു തിരിച്ചറിയുന്ന പ്രതികരിക്കുന്ന സ്ത്രീകള്‍ സമൂഹത്തില്‍ വിരല്‍ ചൂണ്ടപ്പെട്ടവളാകുന്നു. തന്റേടിയും അഹങ്കാരിയുമാകുന്നു.

ശരിക്കുപറഞ്ഞാല്‍ Viriginity test  പോലുള്ള അശാസ്ത്രീയ നിര്‍ണയ രീതികള്‍, മിക്കപ്പോഴും നടത്തുന്നത് സ്ത്രീയുടെ സ്വതന്ത്രമായ അനുവാദത്തോടു (Free consent) കൂടിയല്ല. ഒരു സ്ത്രീയുടെ മാന്യത, അവള്‍ക്കു തന്റെ ശരീരത്തില്‍ വേണമെന്നുള്ളതും അതുപോലെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ വേണമെന്നുള്ളതും അത്ര മോശം കാര്യമാണോ? ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഒരുത്തി കന്യകയാണോ അല്ലയോ എന്നു പരിശോധിക്കാം എന്നത് അവളിലേക്കുള്ള അധിനിവേശത്തിനു തുല്യമല്ലേ? അല്ലെങ്കില്‍ത്തന്നെ സ്ത്രീ മാത്രം കന്യകയായിരിക്കണമെന്ന് ഇത്രമാത്രം നിര്‍ബന്ധം പിടിക്കുന്നവരാരാണ്? സ്ത്രീയല്ല തീര്‍ച്ച.


സ്ത്രീ  പക്ഷത്തുനിന്നും ചിന്തിക്കുമ്പോള്‍ Virginity test -ന്റെ പിന്നിലുള്ള ഉദ്ദേശ്യമെന്നത്, അവള്‍ ദുര്‍ബലയാണ്, അവള്‍ ലൈംഗിക സ്വാതന്ത്ര്യം അനുഭവിക്കുന്നതു തടയേണ്ടവര്‍ തങ്ങള്‍ പുരുഷന്മാരാണ്, അല്ലെങ്കില്‍ അവളുടെ വിശുദ്ധി തങ്ങളുടെ മാന്യത കൂട്ടുന്നു എന്നൊക്കെയുള്ള ധാരണകളാവണം.
നിലവിലുള്ള കന്യകാത്വ പരിശോധനയുടെ മറ്റൊരു ആവശ്യം, സ്ത്രീയില്‍ അവളുടെ സമ്മതമില്ലാതെ ലൈംഗികാതിക്രമണം നടന്നുവോ എന്നു പരിശോധിക്കുന്നതിനാണ്. ബലാല്‍സംഗം പോലുള്ള കുറ്റകൃത്യങ്ങളില്‍ ടെസ്റ്റിനെ മാത്രമടിസ്ഥാനപ്പെടുത്തിയല്ല അവള്‍ ലൈംഗികാതിക്രമണത്തിനു വിധേയമായിട്ടുണ്ടോ എന്നു തീര്‍ച്ചപ്പെടുത്തുന്നത്. ലൈംഗികാവയവങ്ങളില്‍ കണ്ടേക്കാവുന്ന മുറിവുകള്‍, മറ്റടയാളങ്ങള്‍ എന്നിവയുടെ കൂടി അടിസ്ഥാനത്തിലാണ്. എന്നാല്‍, എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന, ജനന സമയത്ത് ഉണ്ടായിരുന്നുവോ ഇല്ലയോ എന്നു പോലും തീര്‍ച്ചപ്പെടുത്താനാവാത്ത ഒരു നേര്‍ത്ത സ്തരത്തിന്റെ കണ്ടെത്തലിനെ ആശ്രയിച്ചിരിക്കുകയാണ് നിലവിലുള്ള കന്യകാത്വ പരിശോധന! ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ 'കന്യാചര്‍മ' മെന്നു പേരിട്ടിരിക്കുന്ന സ്തരം, ഒരു പെണ്‍ കുഞ്ഞു ജനിക്കുമ്പോള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നില്ല. ജനനത്തിലെ ഈ ചര്‍മം ഇല്ലാതിരുന്ന പെണ്‍കുട്ടിക്കു കൂടി പരിശോധനക്കു വിധേയമായ ശേഷം കിട്ടുന്ന ലേബല്‍ 'കന്യാകാത്വം നഷ്ടപ്പെട്ടവള്‍' എന്നായിരിക്കും. കൂടാതെ ഓട്ടം, ചാട്ടം, നീന്തല്‍, നൃത്തം തുടങ്ങിയവയില്‍ തല്പരയാവള്‍ക്ക് ഒരു നേര്‍ത്ത സ്തരം പൊട്ടിപോകുവാന്‍ വേറെ എന്തെങ്കിലും കാരണം വേണോ? അങ്ങനെ കാരണം തേടുന്നവര്‍ വിദ്യാഭ്യാസം നേടിയിട്ടും വിവരം വര്‍ദ്ധിപ്പിച്ചിട്ടും എന്തു ഫലമാണുള്ളത്? 'ശാസ്ത്രം വളര്‍ന്നു,' 'ലോകം വളര്‍ന്നു' എന്ന വാക്കുകള്‍ നമുക്കെങ്ങനെ ഉച്ചരിക്കാനാവും, മനുഷ്യന്റെ മനസ്സു വളര്‍ന്നിട്ടില്ലെങ്കില്‍?

ലിംഗപരമായ അനീതി കൊണ്ടു മാത്രമാണ് Virginity test ലേക്ക് എത്തിച്ചേരുന്നത്. ഒരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത നിര്‍ണയ രീതി കൊണ്ടു സ്ത്രീയുടെ മാന്യതയെ ചോദ്യം ചെയ്യുകയെന്നത് വ്യക്തമായ അസമത്വം തന്നെയല്ലെ? ഇതിലെവിടെയാണ് dignified life ന്റെ ബഹിര്‍സ്ഫുരണം? ഇതിലെവിടെയാണ് autonomy -യുടേയും Self decision making എന്നതിന്റെയുമൊക്കെ അംശങ്ങള്‍? എവിടെയാണ് സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനം? എന്തിനൊക്കെ വേണ്ടി, ആര്‍ക്കു വേണ്ടിയാണ് സ്ത്രീ തന്റെ സ്വത്വത്തെ ചൂഷകന്റെ കയ്യില്‍ ഏല്‍പിക്കേണ്ടി വരുന്നത്?

ഒരു നിര്‍വചനത്തില്‍ കന്യാകത്വ പരിശോധനയെ എത്തിച്ചാല്‍ അത് സ്ത്രീയുടെ 'കന്യാചര്‍മം' കേടു പറ്റിയിട്ടുണ്ടോ ഇല്ലയോ എന്ന പരിശോധനയിലൊതുങ്ങുന്നു. എന്നാല്‍ ഇതു മാനസികമായും വൈകാരികമായും സ്ത്രീകളെ തളര്‍ത്തുന്ന ഒന്നാണെന്നു പറയുമ്പോഴും എല്ലാവിധ അവകാശങ്ങളുടെയും അടിച്ചമര്‍ത്തലാണിതെന്ന സത്യം വെളിവാക്കപ്പെടുന്നില്ല. സ്ത്രീയെന്നോ,പുരുഷനെന്നോ വേര്‍തിരിക്കാതെ, Virginity test നെക്കുറിച്ച് Amnesty Internationalനടത്തിയ പ്രസ്താവന ഇങ്ങനെയാണ്; “Forcebly subjecting women to so called ‘virginity test’ is an egragious form of gender based violence constituting torture or cruel, inhuman or degrading treatment”.അതായത് കന്യാകാത്വ പരിശോധന, സ്ത്രീയുടെ മാന്യതയ്ക്കു നേരെയുള്ള ക്രൂരമായ, മൃഗീയമായ, തരംതാണ, പീഢനം തന്നെയാണ് എന്നതാണ്.
എല്ലാ മനുഷ്യരും സ്വതന്ത്രരായി ജീവിക്കുകയും അന്തസ്സിലും അവകാശങ്ങളിലും തുല്യരാണെന്നും വിശാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഭരണഘടന പറയുന്നുണ്ട്. മനുഷ്യാവകാശങ്ങളെ സംബന്ധിച്ചിടത്തോളം അവ ആഗോളവും അവിഭാജ്യവും പരസ്പരാശ്രയത്തിലധിഷ്ഠിതവും പരസ്പരബന്ധിതവുമാണ്.  ഏതൊരു അവകാശവും മറ്റൊരു അവകാശത്തോടൊപ്പം കണ്ണി ചേര്‍ക്കാവുന്നതും വേര്‍തിരിക്കാനാവാത്തതുമാണ്. നിരവധി അവകാശങ്ങളുടെ ലംഘനമാണ് Virginity test പോലുള്ള അശാസ്ത്രീയ നിര്‍ണയ രീതികളിലൂടെ സ്ത്രീകള്‍ക്കുണ്ടാവുന്നത്.തുല്യതയ്ക്കുള്ള അവകാശം, അക്രമങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെയുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം എന്നീ ഭരണ ഘടനാപരമായ സ്വാതന്ത്ര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും പുറമേ നമ്മുടെ കോടതികള്‍ നമുക്ക് യാതൊരു ലുബ്ധുമില്ലാതെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നല്‍കികൊണ്ടേയിരുന്നു. എന്നാല്‍ ഏതെല്ലാം അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ നാം അറിയുന്നുണ്ട്? അനുഭവിക്കുന്നുണ്ട്? ലിംഗസമത്വവും സ്വകാര്യതയ്ക്കുള്ള അവകാശവും മാന്യതയോടെ ജീവിക്കാനുള്ള അവകാശവും എല്ലാമെല്ലാം നമ്മുടെ മുന്നില്‍ ഉണ്ട്. എന്നാല്‍ ഇവയുടെ വ്യക്തമായ ലംഘനങ്ങളാണ് നടക്കുന്നത്. അപ്പോഴും നമ്മള്‍ പറയുന്നു നമുക്ക് അവകാശങ്ങള്‍, സ്വാതന്ത്ര്യങ്ങള്‍ ഉണ്ടെന്ന്.

Right to Privacy അഥവാ സ്വകാര്യതയ്ക്കുള്ള അവകാശം മറ്റേതൊരു അവകാശത്തെയും പോലെ തന്നെ തുല്യമാണെന്നും പരിരക്ഷിക്കപ്പെടേണ്ടതാണെന്നും ഇതൊക്കെ നമ്മുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുള്ളില്‍ വരുന്നതാണെന്നും പറയപ്പടുന്നു. ജുഡീഷ്യറിയുടെ അക്ടിവിസ്റ്റ് നിലപാടിന്റെയും ഇടപെടലുകളുടെയും ഫലമായി കിട്ടിയ നിരവധി അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും കുറിച്ച് നമുക്ക് പറയാനുണ്ട്. R.Rajagopal v. State of Tamil Nadu എന്ന വിഖ്യാതമായ കേസിന്റെ വിധിയിലൂടെ നമുക്കു സ്ഥാപിച്ചു തന്ന നമ്മുടെ സ്വകാര്യതയ്ക്കുള്ള അവകാശം, സ്വന്തം, എന്നില്‍ മാത്രം അറിയേണ്ടത്,എന്റേതു മാത്രമായി നാമേറെ സൂക്ഷിച്ചു വരുന്ന ചില വിവരങ്ങള്‍, മറ്റുള്ളവരില്‍ നിന്നും മറച്ചു വയ്‌ക്കേണ്ട ഒരു വ്യക്തിയുടെ മാത്രമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ എന്നിവയുടെ സംരക്ഷണം സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ പരിധിയില്‍ വരുത്തുകയും അതിന്റെ ലംഘനം ഒരു വ്യക്തിയുടെ മൗലികാവകാശ ലംഘനമായിത്തന്നെ കരുതുകയും ചെയ്യുന്നു. നിര്‍ബന്ധിത Virginity test ഒരു  വ്യക്തിയുടെ സ്വകാര്യതയ്ക്കു മേലുള്ള കടന്നു കയറ്റമായി പറയേണ്ടിവരുന്നതും ഇതുകൊണ്ടുതന്നെയാണ്.

അപ്പോള്‍ Virginity test പോലുള്ള അതിക്രമങ്ങള്‍ സ്ത്രീയുടെ സ്വത്വത്തിനു നേരെയുള്ള വെല്ലുവിളിയായിത്തീരുന്നു. തുല്യതയ്ക്കുള്ള അവകാശമെന്ന നമ്മുടെ Right to Equalityപൂര്‍ണമായും ഏകപക്ഷീയതയ്ക്ക് എതിരാണ്. നിരവധി വശങ്ങളും മേഖലകളുമുള്ള, ജീവനുള്ള ഒരു ആശയമാണ് തുല്യതയ്ക്കുള്ള അവകാശം. പരമ്പരാഗതവും കേവല സിദ്ധാന്തപരവുമായ അതിരുകള്‍ക്കുള്ളില്‍ ഒരിക്കലും ഈ മഹത്തായ അവകാശത്തെ ബന്ധിക്കുകയോ തളച്ചിടുകയോ ചെയ്യരുതെന്നുമാണ് ഈ അവകാശത്തിന്റെ കോടതി വ്യാഖ്യാനം. അങ്ങനെ വരുമ്പോള്‍ ലിംഗസമത്വമെന്നത് ഒരു ഭരണകൂടത്തിന്റെ ഒഴിച്ചു കൂടാനാവാത്ത കര്‍ത്തവ്യമാണ്. എന്നാല്‍ അതേസമയം തന്നെ വളരെ വ്യക്തമായ, പ്രത്യക്ഷമായ ലൈംഗിക അസമത്വം നിലനില്‍ക്കുകയും ചെയ്യുന്നു.  ഒരു സ്ത്രീയെ Virginity test -നു വിധേയമാക്കുന്നത്, നമ്മുടെ ജീവിക്കുന്നതിനുള്ള അവകാശത്തില്‍ ഉള്‍പ്പെടുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നാണ് Surjit Singh Thind v. Kanwaljit Kaur (AIR 2003 P& H 353) കേസില്‍ കോടതി പ്രഖ്യാപിച്ചത്.

മധ്യപ്രദേശില്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സമത്വത്തെ നോക്കുമ്പോള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ കരാറായ CEDAW (Convention on Elimination of Discrimination Against Women)-ലെ അംഗമായ ഇന്ത്യ,  നേരിട്ടുള്ള ലിംഗ അസമത്വത്തിന്റെ പ്രവര്‍ത്തക മാധ്യമമായി മാറി എന്നത് ഏറെ  വൈരുദ്ധ്യം നിറഞ്ഞതായിത്തീര്‍ന്നിരിക്കുന്നു എന്നു പറയാന്‍ സമത്വബോധമുള്ള ഏതൊരാള്‍ക്കാണ് കഴിയാതിരിക്കുക? പുരുഷ കേന്ദ്രീകൃത നിയമങ്ങള്‍ക്കും നടപടികള്‍ക്കും ആക്കം കൂട്ടുകയും ചൂഷണത്തിനും അടിച്ചമര്‍ത്തലിനും വിധേയരാക്കുകയും ചെയ്യുന്ന നിരവധി ആചാരങ്ങള്‍ക്കുള്ളില്‍ യാതൊരു ശാസ്ത്രീയതയുമില്ലാത്ത, സ്ത്രീയുടെ അനുവാദത്തിന്റെ പ്രസക്തി പോലും പരിഗണിക്കാത്ത Virginity test പോലുള്ള രീതികള്‍ സ്ത്രീ - പുരുഷ തുല്യത ഉറപ്പുവരുത്തുന്ന ഒരു രാഷ്ട്രത്തില്‍ നിലനില്‍ക്കുന്നുവെന്നതിന്റെ അര്‍ത്ഥം ആ രാഷ്ട്രം ഇപ്പോഴും സാംസ്‌കാരികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും യാതൊരു വളര്‍ച്ചയുമില്ലാതെ നില്‍ക്കുന്നുവെന്നാണ്.


5 comments:

  1. നാം ആധുനിക കാലഘട്ടത്തിലാണെന്ന്‌
    മേനിനടിക്കുകയല്ലാതെ,മനസിപ്പോഴും
    ഇരുണ്ടയുഗത്തിൽ പൂഴ്ന്നിരിക്കയാണ്.

    ReplyDelete
  2. ബി.ജെ.പി.യല്ലേ....ഇതിലും പ്രാകൃതമായ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുന്നതില്‍ അതിശയോക്തിയില്ല...സുഷമാ സ്വരാജ്,ഉമാഭാരതി തുടങ്ങിയാ മഹിളാമണികള്‍ ഉള്ള പാര്‍ടിയുടെ സ്ത്രീ വിരുദ്ധത ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്...കന്യകാത്വം എന്താണെന്നറിയാത്ത ഒരു പാര്‍ടി ആയപ്പോയല്ലോ അവര്‍ എന്നതില്‍ ചിരിയാണ് വരുന്നത്....

    ReplyDelete
  3. സ്ത്രീയുടെ സ്വതന്ത്രവ്യക്തിത്വവും ശരീരത്തിനുമേലുള്ള സ്വയം നിര്‍ണ്ണയാവകാശവും നിഷേധിക്കുന്ന പിതൃമേധാവിധ സാമൂഹിക ഘടനയുടെ കേന്ദ്രസങ്കല്പംതന്നെയാണ് സ്ത്രീകള്‍ മാത്രം സംരക്ഷിച്ചുകൊണ്ടുനടക്കേണ്ട ചാരിത്രസങ്കല്പം. അത് ഏതെങ്കിലും പാര്‍ട്ടിയുടെ പ്രശ്‌നം മാത്രമല്ല. ഇന്ത്യയിലെ ഇടതുപക്ഷമടക്കമുള്ള പാര്‍ട്ടികള്‍ ഈ പിതൃമേധാവിത്വ ഘടനയില്‍ അധിഷ്ഠിതമായിതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളുടെ സദാചാരം സംരക്ഷിക്കുന്ന കാര്യത്തില്‍ ശ്രീരാമസേനയും, DYFIയും ജമാത്ത് ഇസ്ലാമികളും എല്ലാം ഒറ്റക്കെട്ടാകുന്നതും അതുകൊണ്ടാണ്. ജൈവപരമായ വീക്ഷണത്തിലും സാമൂഹികപരമായ ജീവിതത്തിലും ക്രിത്രിമമായി അടിച്ചേല്‍പ്പിച്ച ചാരിത്രസങ്കല്പംതന്നെയാണ് ആദ്യം തകരേണ്ടത്. സ്ത്രീയെ സ്വകാര്യസ്വത്താക്കുന്ന ആദ്യത്തെ അടിമത്തവ്യവസ്ഥ ആരംഭിച്ചത് അതിനുമുകളിലാണെണ് എംഗല്‍സ് നിരീക്ഷിക്കുന്നുണ്ട്. ബ്ലോഗിലെ താങ്കളുടെ വീക്ഷണങ്ങളോട് യോജിക്കുന്നു.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. there are more cruel and inhuman customs exists in kerala . one of it is female circumcision or pensunnath. if you want to know more about it contact me sabeena777@yahoo.com

    ReplyDelete